സന്നദ്ധ സംഘത്തെ കൊലപ്പെടുത്തിയ സംഭവം: രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേൽ പിരിച്ചുവിട്ടു

ഗസ്സ: ഗസ്സയിൽ ഫലസ്തീനികൾക്ക് ഭക്ഷണവുമായി എത്തിയ വേൾഡ് സെൻട്രൽ കിച്ചൻ സംഘത്തെ ഇസ്രായേൽ ബോംബിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ഇസ്രായേൽ. രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. മൂന്നുപേരെ ശാസിച്ചു.

ഇവർ നിർണായക വിവരങ്ങൾ തെറ്റായി കൈകാര്യം ചെയ്തുവെന്നും സൈന്യത്തിന്റെ നിയമങ്ങൾ ലംഘിച്ചുവെന്നും പറഞ്ഞു. ലോകവ്യാപകമായി ഉയർന്ന പ്രതിഷേധത്തെതുടർന്നാണ് നടപടി.

അതേസമയം സൈനികർക്കെതിരായ നടപടിക്കെതിരെ തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ രംഗത്തെത്തി. മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള തീരുമാനം തെറ്റാണെന്നും പട്ടാളക്കാർക്കുണ്ടായ അബദ്ധത്തിന്റെ പേരിൽ അവരെ കൈയൊഴിയുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ടാണ് ഇസ്രായേൽ സൈന്യം വേൾഡ് സെൻട്രൽ കിച്ചനിന്റെ വാഹനങ്ങൾക്കുമേൽ ബോംബിട്ടത്. ഏഴുപേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. ഫലസ്തീനിയും ആസ്ട്രേലിയ, പോളണ്ട്, ബ്രിട്ടൻ, യു.എസ്, കാനഡ പൗരത്വമുള്ളവരുമാണ് മരിച്ചവർ. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും വേൾഡ് സെൻട്രൽ കിച്ചൺ ആവശ്യപ്പെട്ടു.

അതേസമയം, ഗസ്സയിൽ മാനുഷിക സഹായങ്ങൾ എത്തിക്കാൻ വടക്കൻ ഗസ്സയുമായുള്ള ബയ്ത്ഹനൂൻ (എറെസ്) ക്രോസിങ് വീണ്ടും തുറക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. നിലവിലെ സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമാണ് ക്രോസിങ് തുറക്കുന്നത്. അഷ്ദോദ് തുറമുഖവും താൽക്കാലികമായി തുറക്കും.

ഫുഡ് ചാരിറ്റി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെതുടർന്ന് സിവിലിയന്മാരെയും സന്നദ്ധ പ്രവർത്തകരെയും സംരക്ഷിക്കാൻ വ്യക്തമായ നടപടിയെടുക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇസ്രായേലിന്റെ തീരുമാനം. ഇതിനായി ഇസ്രായേൽ എടുക്കുന്ന നടപടികളുടെ അടിസ്ഥാനത്തിലാകും ഗസ്സയെ സംബന്ധിച്ച അമേരിക്കൻ നയങ്ങൾ തീരുമാനിക്കപ്പെടുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, ഗസ്സയിലെ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രായേലിനെ ഉത്തരവാദികളാക്കണമെന്ന പ്രമേയം യു.എൻ മനുഷ്യാവകാശ കൗൺസിൽ പാസാക്കി. 28 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു, 13 പേർ വിട്ടുനിന്നു. അമേരിക്കയും ജർമനിയും ഉൾപ്പെടെ ആറ് രാജ്യങ്ങൾ എതിർത്തു.ഗസ്സയിലെ വംശഹത്യ മുന്നറിയിപ്പ് എടുത്തുപറഞ്ഞ് ഇസ്രായേലിനുള്ള ആയുധ വിൽപന അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Tags:    
News Summary - Killing of Volunteers: Israel Fires Two Senior Army Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.