ന്യൂയോർക്ക്: ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കാവുന്ന ആണവ ഉപകരണങ്ങൾ ഉത്തര കൊറിയ വികസിപ്പിച്ചെടുത്തിട്ടുണ്ടാകാമെന്ന് യു.എൻ റിപ്പോർട്ട്. ഉത്തര കൊറിയക്കുമേലുള്ള യു.എൻ ഉപരോധത്തെ വിലയിരുത്തുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് പരാമർശം. രഹസ്യസ്വഭാവമുള്ള റിപ്പോർട്ട് സുരക്ഷാ സമിതിക്ക് സമർപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആറ് തവണ നടത്തിയ ആണവ പരീക്ഷണങ്ങൾ വലിപ്പം കുറഞ്ഞ ആണവ ഉപകരണങ്ങൾ വികസിപ്പിക്കാൻ ഉത്തരകൊറിയയെ സഹായിച്ചിട്ടുണ്ടെന്ന് ചില രാജ്യങ്ങൾ വിശ്വസിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2017 സെപ്റ്റംബറിന് ശേഷം ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയിട്ടില്ല.
ആണവ പദ്ധതികൾ ഉത്തര കൊറിയ തുടരുകയാണ്. അതിസമ്പുഷ്ടീകരിച്ച യുറേനിയം ഉൽപാദനവും ആണവ റിയാക്ടർ നിർമാണവും നടക്കുന്നുണ്ട്. ആണവായുധങ്ങളുടെ ഉൽപ്പാദനം അവർ തുടരുന്നതായാണ് ഒരു അംഗരാജ്യം കരുതുന്നത് -റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിന്‍റെ ആണവായുധങ്ങൾ സുരക്ഷയും ഭാവിയും ഉറപ്പുനൽകുന്നതിനാൽ കൂടുതൽ യുദ്ധമുണ്ടാകില്ലെന്ന് കഴിഞ്ഞയാഴ്ച ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രസ്താവിച്ചിരുന്നു.
ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി മുന്നോട്ടുപോയതിനെ തുടർന്ന് 2006 മുതൽ ഉത്തരകൊറിയ യു.എൻ ഉപരോധത്തിന് കീഴിലാണ്. ആണവ പദ്ധതികൾക്കുള്ള ധനസഹായം ഇല്ലാതാക്കുന്നതിനായി സുരക്ഷാ സമിതി ഉപരോധം കാലക്രമത്തിൽ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.