സിറിയൻ സർക്കാറും ഇസ്രായേലും തമ്മിൽ രഹസ്യ ഇടപാടുകൾ നടന്നതായി വിവരം; പുറത്തുവന്നത് ബശ്ശാറുൽ അസദിന്റെ യഥാർഥ മുഖം​!

ഡമസ്കസ്: സിറിയയിലെ ബശ്ശാറുൽ അസദ് സർക്കാറും ഇസ്രായേലും തമ്മിൽ രഹസ്യ ഇടപാടുകളുണ്ടായിരുന്നവെന്ന് തെളിയിക്കുന്ന ചില രേഖകൾ പുറത്ത്. ബശ്ശാർ സർക്കാറിന്റെ പതനത്തിനുശേഷം സിറിയയിൽ നിന്ന് കണ്ടെടുത്ത രേഖകളിലാണ് ഇതെ കുറിച്ച് പറയുന്നത്. ഈ രേഖകളുടെ ആധികാരികത പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ രേഖകളിൽ അറബ് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ലെറ്റർഹെഡുകളും ഇന്റലിജൻസ് ബ്രാഞ്ചിന്റെ സ്റ്റാമ്പുകളും ഉണ്ടെന്നതിനാൽ ഔദ്യോഗിക സ്വഭാവമുള്ളതാണെന്നാണ് കരുതേണ്ടത്.

ഈ രേഖകൾ സിറിയയിലെ നിരവധി പത്രപ്രവർത്തകരും ചില അന്താരാഷ്ട്ര മാധ്യമങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലിന്റെ കടുത്ത എതിരാളിയായാണ് ബശ്ശാർ അറിയപ്പെട്ടിരുന്നത്. അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇറനെതിരായ ഇസ്രായേലിന്റെ സൈനിക നീക്കങ്ങളിലുൾപ്പെടെ സിറിയൻ ഭരണകൂടത്തിന് പങ്കാളിത്തമുണ്ടായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന വിവരം.

ഇറാന്റെയും ഹിസ്ബുല്ലയുടെയും സൈനിക സ്വത്തുക്കളുടെ ഒഴുക്ക് തടയണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ സിറിയൻ സർക്കാറിന് അയച്ച കത്തും ചോർന്നതായി കരുതുന്ന രേഖകളിലുണ്ട്. അതുപോലെ മോസസ് എന്ന രഹസ്യ നാമധേയത്തിലുള്ളയാൾ ഹമാസിന്റെ പ്രവർത്തനങ്ങളെകുറിച്ചും പ്രത്യാഘാതങ്ങളെ കുറിച്ചും മുന്നറിയിപ്പുമായി സിറിയൻ പ്രതിരോധ മന്ത്രിയായിരുന്ന ലഫ്. ജനറൽ അലി മഹ്മൂദ് അബ്ബാസുമായി നേരിട്ട ആശയവിനിമയം നടത്തിയതിന്റെ രേഖകളുമുണ്ട്. ഈ സന്ദേശങ്ങൾ ദേശീയ സുരക്ഷ ബ്യൂറോ ​മുൻ മേധാവി അലി മംലൂക്കിന് കൈമാറിയതായും ചോർന്ന രേഖകളിലുണ്ട്. ഇറാനുമായി സഹകരണം തുടർന്നാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും 2023 ഏപ്രിലിൽ ഇസ്രായേൽ സിറിയക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അതിന് മുന്നോടിയായി ഗോലാൻ കുന്നുകളിൽ നിന്ന് ഇസ്രായേൽ റോക്കറ്റ് വിക്ഷേപണം നടത്തിയതായും റിപ്പോർട്ടുണ്ട്.

അറബ് ലോകത്തെ പ്രതിരോധിക്കുന്ന നേതാവായാണ് ബശ്ശാർ എന്നും വിലയിരുത്തപ്പെട്ടത്. എന്നാൽ ഈ രേഖകൾ സിറിയൻ ഭരണാധികാരിയുടെ മറ്റൊരു മുഖമാണ് തുറന്നുകാട്ടുന്നത്. ഇസ്രായേലുമായി രഹസ്യ ധാരണയിലെത്തിയ ബശ്ശാർ, ഇറാൻ മിലിഷ്യകൾക്കെതിരായ സൈനിക പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കി കൊടുത്തതായും ​രഹസ്യ രേഖകളിലുണ്ട്.

അതേസമയം, ബശ്ശാർ സർക്കാറിന്റെ പതനത്തിനു ശേഷം സിറിയയുമായുള്ള ബന്ധം നിലനിർത്താനാണ് ഇറാൻ താൽപര്യം പ്രകടിപ്പിച്ചത്. അതിനായി ഇസ്രായേൽ സ്വാധീനത്തിൽ നിന്ന് പ്രതിപക്ഷ സംഘങ്ങൾ വിട്ടുനിൽക്കണമെന്നും ഇറാൻ ആഹ്വാനം ചെയ്തു.

Tags:    
News Summary - Leaked documents suggest secret dealings between Assad regime and Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.