ബൈറൂത്: തലസ്ഥാന നഗരമായ ബൈറൂതിനെ പിടിച്ചുകുലുക്കിയ കഴിഞ്ഞ ആഴ്ചത്തെ സ്ഫോടനത്തെ തുടർന്നുണ്ടായ പ്രതിഷേധവും രോഷവും താങ്ങാനാകാതെ ലബനാൻ സർക്കാർ രാജിവെച്ചു. സ്ഫോടനത്തിൽ 200ൽ അധികം പേർ മരിച്ചിരുന്നു.
പ്രധാനമന്ത്രി ഹസൻ ദിയാബ് ദേശീയ ടെലിവിഷൻ വഴി രാത്രിയാണ് രാജി പ്രഖ്യാപിച്ചത്. ജനാഭിലാഷം മാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽതന്നെ സ്വയം നവീകരണത്തിെൻറ നേതാവായാണ് ദിയാബ് വിശേഷിപ്പിച്ചത്. അഴിമതി രാജ്യത്തെക്കാൾ വലുതായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഒരടി പിന്നോട്ടുവെക്കുകയാണ്. അതുവഴി ജനങ്ങളോടൊപ്പം ചേർന്ന് മാറ്റത്തിനായി പൊരുതാനാകും. സ്ഫോടനത്തിന് ഉത്തരവാദികളായവരെ വിചാരണ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി പാർലമെൻറാണ് പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കേണ്ടത്. സ്ഫോടനത്തെ തുടർന്ന് 110പേരെ ഇപ്പോഴും കെണ്ടത്തിയിട്ടില്ല. ലബനീസ് സർക്കാറിനെതിരെ പ്രക്ഷോഭം രൂക്ഷമായ ശേഷം മന്ത്രിസഭയിൽനിന്ന് മൂന്നുപേർ രാജിവെച്ചിരുന്നു. പരിസ്ഥിതി മന്ത്രി ഡാമിയാനോസ് കത്തർ, ഇൻഫർമേഷൻ മന്ത്രി മനാൽ അബ്ദുൽ സമദ് എന്നിവർക്ക് പിന്നാലെ തിങ്കളാഴ്ച രാവിലെ നീതിന്യായമന്ത്രി മാരീ ക്ലൗഡ് നജ്മും രാജിവെച്ചു.
കഴിഞ്ഞ ദിവസം െഎക്യരാഷ്ട്രസഭയുടെയും ഫ്രാൻസിെൻറയും നേതൃത്വത്തിൽ വിളിച്ച സഹായ ദാതാക്കളുടെ സമ്മേളനത്തിൽ ലബനാനുവേണ്ടി 300 ദശലക്ഷം ഡോളർ സമാഹരിച്ചു. ഇൗ തുക അഴിമതിയിൽ മുങ്ങിയ ലബനീസ് സർക്കാറിന് കൈമാറാതെ ജനങ്ങൾക്ക് നേരിട്ട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.