ന്യൂഡൽഹി: സ്വന്തം മണ്ണിൽ ജീവിക്കുക, അല്ലെങ്കിൽ മരിക്കുക എന്നതാണ് ഫലസ്തീൻ ജനതയുടെ തീരുമാനമെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൽ അബു അൽഹൈജ. ഇസ്രായേലിന് എല്ലാ ഫലസ്തീനികളെയും കൊന്നൊടുക്കാമെന്നല്ലാതെ, ഒരാളും ഫലസ്തീൻ മണ്ണ് വിട്ടുപോകില്ല. ഈജിപ്തിലേക്ക് നാടുകടത്തി ഗസ്സ പിടിച്ചെടുക്കാനാണ് ഇസ്രായേൽ ശ്രമം. ഇനിയും അഭയാർഥികളായി ജീവിക്കാൻ ഫലസ്തീനികൾക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗസ്സ വംശഹത്യയുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലർ കരുതുന്നത് ഒക്ടോബറിലാണ് ഇസ്രായേൽ ആക്രമണം ആരംഭിച്ചതാണെന്നാണ്. 75 വർഷമായി അവർ ഇത് തുടങ്ങിയിട്ട്. 1993 മുതൽ ഫലസ്തീന്റെ 22 ശതമാനം മണ്ണാണ് ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ഞങ്ങളുടെ പക്കലുള്ളത്. ഫലസ്തീന്റെ 78 ശതമാനം പ്രദേശങ്ങളും ഇസ്രായേലിന്റെ അധീനതയിലാണ്. വംശഹത്യ അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യ അതിന് മുൻകൈയെടുക്കണമെന്നും അംബാസഡർ ആവശ്യപ്പെട്ടു.
ഇസ്രായേൽ പറയുന്ന കഥകൾ വിശ്വസിക്കരുത്. അൽശിഫ ആശുപത്രി പരിശോധിച്ച് ഒരു പോരാളിയെയും അവർക്ക് കണ്ടെത്താനായിട്ടില്ല. മുമ്പ് ആശുപത്രിയിൽ ബോംബിട്ടപ്പോൾ അവർ കഥയുണ്ടാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ബൈഡനും ഇതേ കഥ ആവർത്തിച്ചു. കൊളോണിയലിസത്തിന്റെ വക്താക്കളായ അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ് രാജ്യങ്ങളാണ് ഇസ്രായേലിനെ പിന്തുണക്കുന്നത്. ഫലസ്തീൻ വംശഹത്യക്ക് അവർ പിന്തുണ നൽകുകയാണെന്നും അദ്നാൽ അബു അൽഹൈജ കുറ്റപ്പെടുത്തി.
വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് എസ്.ക്യു.ആർ. ഇല്യാസ് അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി എം.പി മനോജ് ഝാ, പ്രഫ. അപൂർവാനന്ദ്, ജോൺദയാൽ, വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.