ജനീവ: ഓരോ ദിവസവും തുടർച്ചയായി എത്ര മണിക്കൂർ നിങ്ങൾ ജോലി ചെയ്യുന്നുണ്ട്? ഏറെ കൂടുതലാണെങ്കിൽ മരണം വരെ സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നീണ്ട മണിക്കൂറുകൾ തൊഴിലെടുത്തത് മൂലമുണ്ടായ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവ കാരണം 2016ൽ മാത്രം ലോകത്ത് 745,000 പേർ മരിച്ചതായി എൻവയറൺമെന്‍റ് ഇന്‍റർനാഷനൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. 2000ലെ കണക്കുകളെക്കാൾ 30 ശതമാനം കൂടുതൽ.
മരണപ്പെട്ടവരിൽ കൂടുതലും മധ്യവയസ്കരോ വൃദ്ധരോ ആയ പുരുഷന്മാരാണ്. യുവപ്രായത്തിൽ ഇതിനോടു പൊരുത്തപ്പെട്ടുനിൽക്കാൻ ശരീരത്തിനാകുമെങ്കിലും പിന്നീട് കൈവിടും. അതോടെയാണ് മരണം വരെ സംഭവിക്കുന്നത്.
ഒരാഴ്ചയിൽ 55 മണിക്കൂറും അതിൽ കൂടുതലും ജോലിയെടുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന പരിസ്ഥിതി, ആരോഗ്യ വിഭാഗം ഡയറക്ടർ മരിയ നെയ്റ പറഞ്ഞു. ചൈന, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപെടുന്ന തെക്കു കിഴക്കൻ ഏഷ്യ, പശ്ചിമ പസഫിക് മേഖലകളിലുള്ളവരിലാണ് പ്രശ്നം കൂടുതലായി കണ്ടത്.
ഒരാഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് മസ്തിഷ്കാഘാതത്തിന് 35 ശതമാനവും ഹൃദ്രോഗത്തിന് 17 ശതമാനവും അധിക സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2000- 16 വർഷങ്ങൾക്കിടയിലെ കണക്കുകളാണ് ലോകാരോഗ്യ സംഘടന പരിശോധിച്ചത്.
മഹാമാരി കാലത്ത് ജോലി സമയം പല വിഭാഗങ്ങൾക്കും ഏറെ കൂടുതലായതിനാൽ കരുതൽ വേണമെന്ന് ലോകാരോഗ്യ സംഘടന മേധാവി അദനം ഗെബ്രിയസൂസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.