ഇസ്തംബൂൾ: തുർക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 കടന്നു. 5,385 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തുർക്കിയിലെ പ്രമുഖ നഗരങ്ങളെല്ലാം ഛിന്നഭിന്നമായി. സിറിയയിലെ ആഭ്യന്തര കലാപത്തിൽ നിന്ന് രക്ഷതേടിയെത്തിയ അഭയാർഥികളുടെ താവളമായിരുന്നു ഇവിടം. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്.
ഭൂചലനത്തിൽ തുർക്കിയിൽ മാത്രം 912പേർ മരിച്ചായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു. സിറിയയിൽ 560 പേർ മരിച്ചതായാണ് ഏറ്റവും പുതിയ കണക്ക്.
തുർക്കി നഗരമായ ഗാസിയാതപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 20 ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. തുർക്കിയും സിറിയയും ലോകരാജ്യങ്ങളോട് സഹായം തേടി.
ഭൂചലനത്തിൽ തകർന്ന തുർക്കിക്ക് സഹായം നൽകാൻ എതിർചേരിയിലുള്ള ഗ്രീസ് വരെ തയാറായിട്ടുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17ഓടെയായിരുന്നു റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. സൈപ്രസ്, ലെബനൻ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. ഗാസിയാതപ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭൂമിക്കടിയിൽ 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഇസ്തംബൂൾ: തുര്‍ക്കിയിലും സിറിയയിലും 12 മണിക്കൂറിനിടെ ശക്തമായ രണ്ടാം ഭൂചലനവും അനുഭവപ്പെട്ടു. തുര്‍ക്കിയുടെ തെക്ക്- കിഴക്കന്‍ ഭാഗത്തും സിറിയയിലെ ഡമസ്‌കസിലുമാണ് ശക്തമായ തുടർചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24ഓടെയാണ് രണ്ടാം ഭൂചലനം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.