കോവിഡ് ആരംഭിച്ചത് മുതൽ ലോകമെമ്പാടുമുള്ള ആളുകൾ പ്രതിസന്ധിയിലാണ്. പലർക്കും ജോലിയില്ലാതായതിനോടൊപ്പം അവശ്യ വസ്തുക്കളുടെ വില വർധിക്കുകയും ചെയ്തു. പല തൊഴിലാളികളും കുറഞ്ഞ വേതനം ലഭിക്കുന്നതിന്റെ ആശങ്കകളും പ്രശ്നങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പങ്കുവെക്കുന്നുണ്ട്. ഇതിൽനിന്ന് വ്യത്യസ്തനായിരിക്കുകയാണ് അമേരിക്കൻ യുവാവ് സൈമൺ. ഈ പ്രശ്നത്തെ വ്യത്യസ്ത രീതിയിൽ അഭിസംബോധന ചെയ്യുകയാണ് സൈമൺ.
താമസ സ്ഥലത്തെ വാടക കൊടുക്കാൻ മാസവരുമാനം തികയാത്തതിനെ തുടർന്ന് ഓഫിസിനകത്തേക്ക് താമസം മാറ്റിയിരിക്കുകയാണ് ഈ യുവാവ്. ഓഫിസിൽ സജ്ജീകരിച്ച താൽക്കാലിക വീടിന്‍റെ 'ഹോം ടൂർ' വിഡിയോ സൈമൺ ടിക് ടോകിലും മറ്റു സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചു.
പുതിയ താമസ സ്ഥലത്തെ ദൈനംദിന പ്രവൃത്തികളും അനുഭവങ്ങളുമാണ് സൈമൺ വിഡിയോയിൽ കാണിക്കുന്നത്. വിഡിയോ കണ്ട നിരവധിയാളുകൾ താമസത്തെ കുറിച്ച് അന്വേഷിച്ച് കമന്‍റുകളും രേഖപ്പെടുത്തി. കുളിയൊക്കെ എങ്ങനെയാണ് എന്ന ചോദ്യത്തിന് ഓഫിസിലെ വാഷ്റൂമിൽ വെച്ചു സാധിക്കും എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പലരും വർക്ക് ഫ്രം ഹോം തെരഞ്ഞെടുത്തതിനാൽ ഓഫിസിൽ ഇഷ്ടം പോലെ സ്ഥലമുണ്ടെന്നും സൈമൺ കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് സൈമണിന്റെ താമസം കമ്പനി അധികൃതർ ഓഫിസിൽനിന്ന് മാറ്റിച്ചു. കൂടാതെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ നീക്കം ചെയ്യാനും മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കമ്പനിയയിൽ നിന്ന് പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര പെട്ടെന്ന് തീരുമാനമാകുമെന്ന് കരുതിയില്ലെന്നായിരുന്നു സൈമണിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.