കാലിഫോർണിയ: യു.എസിൽ പൊലീസിന് നേരെ തോക്കുചൂണ്ടിയ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധം. തോക്ക് ചൂണ്ടി അക്രമി നിൽക്കുന്നതിന്‍റെയും പൊലീസുകാരന്‍റെയും ചിത്രങ്ങൾ ലോസ് ആഞ്ചൽസ് പൊലീസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം.
കൊല്ലപ്പെട്ടയാൾ തോക്കിന് പകരം തോക്കിന്‍റെ മാതൃകയിലുള്ള സിഗരറ്റ് ലൈറ്ററാണ് ചൂണ്ടിയിരുന്നതെന്ന് ചിത്രങ്ങളിൽനിന്ന് നെറ്റിസൺസ് തിരിച്ചറിഞ്ഞതോടെയാണ് െപാലീസ് അധികൃതർക്ക് അബദ്ധം മനസിലായത്. ഹോളിവുഡ് ബൗൾവാർഡ് നഗരത്തിൽ തോക്കുധാരിയായ ഒരാൾ ചുറ്റിത്തിരിയുന്ന നിരവധി കോളുകൾ ലഭിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു.
തോക്കുധാരിയായ വെള്ളക്കാരൻ ഹോളിവുഡ് ബൗൾവാർഡിൽ ചുറ്റിത്തിരിയുന്നുവെന്നായിരുന്നു സന്ദേശമെന്ന് പൊലീസിന്‍റെ ട്വിറ്റർ പേജിൽ പറയുന്നു. പൊലീസ് അവിടെയെത്തിയപ്പോൾ തോക്കുമായി ഒരാൾ നിൽക്കുന്നത് കണ്ടു. അയാൾ പൊലീസിന് നേരെ വെടിയുതിർത്തെന്നും പറയുന്നു. ഇതോടെ പൊലീസുകാരൻ ഇയാൾക്ക് നേരെ വെടിയുതിർത്തെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായും പൊലീസ് ട്വീറ്റിൽ പറയുന്നു.
എന്നാൽ, പിന്നീട് പൊലീസ് വാദം തിരുത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ കൈയിലുണ്ടായിരുന്നത് സിഗരറ്റ് ലൈറ്റർ ആയിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്നും ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. ഇതോടെ സിഗരറ്റ് ലൈറ്റർ കൈവശം വെച്ചതിന് പൊലീസ് ഒരാളെ കൊലപ്പെടുത്തിയെന്ന വാദവുമായി ആളുകൾ രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.