ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാള്‍ക്ക് നാലു മാസം തടവ്

പാരിസ്: ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാള്‍ക്ക് നാലു മാസം തടവ് ശിക്ഷ. ഡാമിയന്‍ ടാരെല്‍ എന്ന 28കാരനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. മാക്രോണ്‍ തന്റെ നാട്ടില്‍ വരുന്നത് അറിഞ്ഞപ്പോള്‍ മുട്ട കൊണ്ട് എറിയാമെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള മാക്രോണിന്റെ രാജ്യവ്യാപക പര്യടനത്തിനിടെ ഡ്രോം പ്രവിശ്യയിലെ ടെയിന്‍-എല്‍ ഹെര്‍മിറ്റേജ് നഗരത്തില്‍ വെച്ചായിരുന്നു സംഭവം. ഹോട്ടലുകളിലും റെസ്‌റ്റൊറന്റുകളിലും ജോലി ചെയ്യാന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന ഹൈസ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം, കമ്പിവേലിക്ക് അപ്പുറം തന്നെ കാത്തുനിന്ന ആളുകള്‍ക്കരികിലേക്ക് എത്തിയതായിരുന്നു പ്രസിഡന്റ്.

ജനങ്ങള്‍ക്ക് കൈ നല്‍കി നിങ്ങുന്നതിനിടെ ഒരാള്‍ കൈ തട്ടിമാറ്റുകയും മാക്രോണിന്റെ ഇടതു കവിളില്‍ അടിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മാക്രോണിന്റെ ഓഫീസ് സംഭവം സ്ഥിരീകരിക്കുകയും ചെയ്തു.

ഒറ്റപ്പെട്ട സംഭവമാണിതെന്നും ജനങ്ങളെ നേരില്‍ കാണുന്നത് തുടരുമെന്നും മാക്രോണ്‍ പ്രതികരിച്ചു.

Tags:    
News Summary - man who slapped french president jailed for four months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.