കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിലെ മന്ത്രിമാർ രാജിവെച്ചു. ഞായറാഴ്ച രാത്രി വൈകി നടന്ന യോഗത്തിലാണ് നടപടി. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിയെക്കുറിച്ച റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളി മണിക്കൂറുകൾക്ക് ശേഷമാണ് രാജി.
പ്രസിഡന്റ് ഗോടബയ രാജപക്സെയും സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെയെയും ഒഴികെയുള്ള 26 മന്ത്രിമാരും രാജിക്കത്ത് പ്രധാനമന്ത്രി മഹിന്ദ രാജപക്സെക്ക് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രിയും സഭാ നേതാവുമായ ദിനേശ് ഗുണവർധന മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശ്രീലങ്കൻ കായിക യുവജനകാര്യ മന്ത്രിയും മഹിന്ദ രാജപക്സെയുടെ മകനുമായ നമൽ രാജപക്സെയും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.
സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെതുടർന്ന് മന്ത്രിമാർ കടുത്ത സമ്മർദത്തിലായിരുന്നുവെന്നാണ് വിലയിരുത്തൽ. കർഫ്യൂ ഏർപ്പെടുത്തിയിട്ടും ജനകീയ പ്രക്ഷോഭം വ്യാപകമായിരുന്നു.
36 മണിക്കൂർ കർഫ്യൂ ലംഘിച്ച് പ്രതിഷേധം നടത്തിയ സർവകലാശാല വിദ്യാർഥികൾക്കുനേരെ പൊലീസ് കണ്ണീർ വാതക, ജലപീരങ്കി പ്രയോഗിച്ചു. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട സർക്കാർ നടപടിയിൽ മനംമടുത്ത് മുതിർന്ന അഭിഭാഷക സംഘടനകളും പ്രതിപക്ഷവും ഞായറാഴ്ച രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ ജനകീയ പ്രക്ഷോഭത്തിന് തടയിടാൻ സമൂഹമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമായതോടെ 15 മണിക്കൂറിനു ശേഷം പുനഃസ്ഥാപിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർവകക്ഷി ഇടക്കാല സർക്കാറിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച സെൻട്രൽ പ്രവിശ്യയിലാണ് പെരഡേനിയ സർവകലാശാലയിലെ നൂറുകണക്കിന് അധ്യാപകർക്കൊപ്പം വിദ്യാർഥികൾ തെരുവിലിറങ്ങിയത്. കർഫ്യൂ ഉത്തരവുകൾ ലംഘിച്ച് ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബലവേഗയയിലെ ജനപ്രതിനിധികൾ കൊളംബോയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം നടത്തി. പ്രതിപക്ഷ ജനപ്രതിനിധികൾ കൊളംബോയിലെ സ്വാതന്ത്ര്യ ചത്വരത്തിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പശ്ചിമ പ്രവിശ്യയിൽ കർഫ്യൂ ലംഘിച്ച് സർക്കാർ വിരുദ്ധ റാലിക്ക് ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക്, മെസഞ്ചർ, യുട്യൂബ്, വാട്സ്ആപ്, ട്വിറ്റര്‍, സ്നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, ടിക് ടോക് അടക്കം പന്ത്രണ്ടോളം സമൂഹമാധ്യമങ്ങളാണ് ശനിയാഴ്ച അർധരാത്രിക്കുശേഷം വിലക്കിയത്.
വെള്ളിയാഴ്ച പ്രസിഡന്റ് ഗോടബയ രാജപക്സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പൊതുവിമർശനം തടയാൻകൂടി ലക്ഷ്യമിട്ടായിരുന്നു നിരോധനം. പ്രതിഷേധം ശക്തമായതോടെ ഞായറാഴ്ച വൈകീട്ട് വിലക്ക് നീക്കി. ഇന്ധനം, പാചകവാതകം, അവശ്യസാധന ലഭ്യത വളരെ കുറഞ്ഞതും പവർകട്ടും കാരണം ജനം തെരുവിലിറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.