ഒരു കുഞ്ഞൻ റോബോട്ട്. എല്ലാ ദിവസവും സ്കൂളിൽ പോകും. ടീച്ചർമാർ പഠിപ്പിക്കുന്ന വിഷയങ്ങൾ ശ്രദ്ധയോടെ കേൾക്കും. സംശയങ്ങൾ ചോദിക്കും. പക്ഷേ പഠിക്കുന്നതും, ചോദ്യങ്ങൾ ചോദിക്കുന്നതുമെല്ലാം റോബോട്ടല്ല, റോബോട്ടിന് പിന്നിലെ കുഞ്ഞ് ജോഷ്വയാണ്. ഗുരുതര ശ്വാസകോശ രോഗങ്ങൾ കാരണം സ്കൂളിൽ പോകാൻ കഴിയാറില്ല ബെർലിൻ സ്വദേശിയായ ജോഷ്വ മാർട്ടിനങ്കേലി എന്ന ഏഴു വയസുകാരന്. എന്നാൽ കുഞ്ഞ് ജോഷ്വക്കിന്ന് ടീച്ചർമാരെ കാണാം, ക്ലാസ്സുകൾ കേൾക്കാം, കൂട്ടുകാരുമായി കളിക്കാം, സ്കൂളിൽ പോകാതെ തന്നെ.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ അധ്യാപനത്തിന്‍റെ പുതിയ വഴികൾ തുറക്കുകയാണ് ജർമനിയിലെ പൂസ്റ്റെബ്ലൂം ഗ്രണ്ട്ഷൂളിലെ അധ്യാപകരും, അധികൃതരും. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കാരണം കഴുത്തിൽ ട്യൂബ് ഇട്ടതിനാൽ ക്ലാസിൽ പോകുന്നത് കുഞ്ഞ് ജോഷ്വക്ക് പ്രയാസമാണ്. ജോഷ്വക്ക് പകരക്കാരനായി സാങ്കേതിക വിദ്യകൾ കൊണ്ട് നിർമ്മിച്ച അവതാർ റോബോട്ടാണ് സ്കൂളിൽ പോവുക. റോബോട്ടിന്‍റെ സഹായത്തോടെ അങ്ങനെ ജോഷ്വക്ക് സ്കൂളും ക്ലാസ്സും കൂട്ടുകാരേയും ടീച്ചർമാരേയുമെല്ലാം കാണാം. റോബോട്ടിലൂടെ കുട്ടികൾക്ക് ജോഷ്വയുമായി സംസാരിക്കാനും കളിക്കാനും എല്ലാം സാധിക്കും. ക്ലാസിനിടയിലും ജോഷ്വയും കൂട്ടുകാരും തമ്മിൽ സംസാരം പതിവാണെന്നും ഹെഡ്മിസ്ട്രസ്സ് യൂടെ വിന്‍റർബർഗ് പറഞ്ഞു.
ബെർലിനിലെ പ്രാദേശിക കൗൺസിലാണ് സ്വകാര്യ സംരംഭമായ റോബോട്ടുകൾക്കായുള്ള പണം നൽകുന്നത്. 2015ൽ സ്ഥാപിതമായ നൊവേർജിയൻ കമ്പനിയായ നോ ഐസൊലേഷനാണ് എവി-1 എന്ന ഈ കുഞ്ഞൻ റോബോട്ടിന്‍റെ നിർമാതാക്കൾ. മൈക്രോഫോൺ, കാമറ, സ്പീക്കർ എന്നിവയുള്ളതിനാൽ കുട്ടികൾക്ക് ക്ലാസ്സുകൾ കേൾക്കാനും, കാണാനും, സംവദിക്കാനും സാധിക്കും. ലാപ്ടോപ്പ്, മൊബൈൽ എന്നിവയുപയോഗിച്ച് കുട്ടികൾക്ക് തന്നെ എവി-1 നിയന്ത്രിക്കാം. ഇന്‍റർനെറ്റിന്‍റെ സഹായത്തോടെയാണ് ഇവയുടെ പ്രവർത്തനം.
ജില്ലയിലെ സ്കൂളുകൾക്കായി നിലവിൽ നാല് അവതാറുകൾ വാങ്ങിയതായി ജില്ലാ വിദ്യാഭ്യാസ കൗൺസിലർ ടോർസ്റ്റൻ കുഹ്നെ പറഞ്ഞു. വിവിധ കാരണങ്ങളാൽ സ്കൂളുകളിൽ എത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക്, സ്കൂളിനോട് ചേർന്ന് നിൽക്കാൻ ഈ സാങ്കേതിക വിദ്യ സഹായകമാണെന്നും കെഹ്നെ കൂട്ടിച്ചേർത്തു.
കുഞ്ഞൻ റോബോട്ടിനെ കണ്ട കൗതുകത്തിലാണ് ജോഷ്വയുടെ സഹപാഠികൾ. ജോഷ്വയെപ്പോലെ തന്നെ റോബോട്ടിനെയും ഇഷ്ടപ്പെട്ടെന്നും രണ്ടു പേരും ക്ലാസ്സിൽ വേണമെന്നുമാണ് സഹപാഠി നോവ ക്യുസ്നെറിന്‍റെ അഭിപ്രായം. ഏതായാലും തിരികെ സ്കൂളിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയിലാണ് ജോഷ്വ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.