മെക്സിക്കോ സിറ്റി: ഫൈസർ- ബയോൺടെക്കിന്‍റെ കോവിഡ് വാക്സിൻ സ്വീകരിച്ച വനിത ഡോക്ടറെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂവോ ലിയോണിലെ സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 32കാരിയുടെ കേസ് പഠിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ശ്വാസതടസ്സം, തൊലിപ്പുറത്ത് പാടുകൾ, കോച്ചിപ്പിടിത്തം എന്നിവയാണ് ഇവർക്ക് ആദ്യം അനുഭവപ്പെട്ടത്. മസ്തിഷ്കത്തിലും സുഷുമ്നയിലും വീക്കം സംഭവിക്കുന്ന 'എൻസെഫലോമൈലൈറ്റിസ്' ഇവർക്ക് കാണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടായിരുന്നു. വാക്സിൻ സ്വീകരിച്ച ശേഷം ഇതുവരെ ആർക്കും മസ്തിഷ്ക വീക്കം സംഭവിച്ചതിന് തെളിവുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
എന്നാൽ സംഭവത്തിൽ ഫൈസർ പ്രതികരിച്ചിട്ടില്ല. ഡിസംബർ 24 മുതലാണ് ആരോഗ്യപ്രവർത്തകർക്കുള്ള കോവിഡ് വാക്സിൻ വിതരണം മെക്സിക്കോ തുടങ്ങിയത്. മെക്സിക്കോയിൽ ഇതുവരെ ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾ മഹാമാരിയെ തുടർന്ന് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.