മൈക്കൽ ബാർനിയർ പുതിയ ഫ്രഞ്ച് പ്രധാനമ​ന്ത്രി

പാരിസ്: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിത്വങ്ങൾക്കൊടുവിൽ മൈക്കൽ ബാർനിയർ ഫ്രാൻസി​ന്‍റെ പുതിയ പ്രധാനമന്ത്രിയായി. യൂറോപ്യൻ യൂനിയ​ന്‍റെ മുൻ ബ്രെക്സിറ്റ് മധ്യസ്ഥനായ മൈക്കൽ ബാർനിയറിനെ ഏകീകൃത സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഇതോടെ 73ാം വയസ്സിൽ ആധുനിക ഫ്രാൻസി​ന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രധാനമന്ത്രിയായി ബാർനിയർ മാറി.

വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഏതാണ്ട് 50 വർഷത്തോളം തഴക്കമുള്ളയാളാണ് ബാർനിയർ. യൂറോപ്യൻ താൽപര്യത്തിനുവേണ്ടി അർപണബോധമുള്ള കേന്ദ്രീകൃത, ലിബറൽ ചിന്താഗതിയുള്ള രാഷ്ട്രീയക്കാരൻ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഗൗളിസ്റ്റ് പാർട്ടികളുടെ (യുഡി.ആർ,ആർ.ആർ,യു.എം.പി, റിപ്പബ്ലിക്കൻസ്) അംഗമായ ബാർനിയർ 1993 മുതൽ 95വരെ പരിസ്ഥിതി മന്ത്രിയായും 95 മുതൽ 97വരെ യൂറോപ്യൻകാര്യ സഹമന്ത്രിയായും കൂടാതെ നിരവധി കാബിനറ്റ് സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഒരു പ്രധാന റോളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ബാർനിയർ മുമ്പ് പറഞ്ഞിരുന്നു. യൂറോപ്യൻ യൂനിയന് പുറത്തുനിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം ഫ്രാൻസി​ന്‍റെ സ്വത്വബോധത്തെ ദുർബലപ്പെടുത്തുകയാണെന്ന് ഇടക്കാലത്ത് ബാർനിയർ അവകാശപ്പെട്ടിരുന്നു.

തൂക്കു പാർലമെന്‍റിനും രാഷ്ട്രീയ വിഭജനത്തിനും ഇടയാക്കി കഴിഞ്ഞ ജൂണിലാണ് പെട്ടെന്നുള്ള പാർലമെന്‍റ് തിരഞ്ഞെടുപ്പ് വിളിച്ച് മാക്രോൺ ഫ്രാൻസിനെ ഞെട്ടിച്ചത്. യൂറോപ്യൻ യൂനിയൻ വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷനൽ റാലിയോട് പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു പാർലമെന്‍റ് തെര​ഞ്ഞെടുപ്പ് നടത്താൻ മാക്രോൺ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം 193 സീറ്റു നേടി ഫ്രാൻസി​ന്‍റെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി ഉയർന്നുവെങ്കിലും ദേശീയ അസംബ്ലിയിൽ കേവല ഭൂരിപക്ഷമായ 289ൽ എത്താൻ മതിയായ സീറ്റുകൾ ഇല്ലായിരുന്നു. മാക്രോണി​ന്‍റെ മധ്യപക്ഷ വിഭാഗവും തീവ്രവലതുപക്ഷവും മറ്റ് രണ്ട് പ്രധാന ഗ്രൂപ്പുകളാണ്. ബാർനിയറുടെ പരമ്പരാഗത വലതുപക്ഷ പാർട്ടി നാലാം സ്ഥാനത്താണെത്തിയത്. പാർലമെന്‍റൽ 47 സീറ്റുകളാണിവർക്കുള്ളത്.

തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയ ഇടതു സഖ്യത്തെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാതെ മാക്രോൺ ഒരു കെയർടേക്കർ പദവി നിലനിർത്തിയത് വലിയ വിമർശനമുയർത്തിയിരുന്നു. ഫാസിസ്റ്റുകളെ പുറത്താക്കുന്നതിനേക്കാൾ ഇടതുപക്ഷം അധികാരത്തിൽ വരാതിരിക്കാനാണ് മാക്രോൺ കരുക്കൾ നീക്കുന്നതെന്ന ആരോപണം ശരി വെക്കുന്നതാണ് ഇപ്പോൾ ബാർനിയറെ പ്രധാനമന്ത്രിയാക്കിയുള്ള തീരുമാനം. കൂടുതൽ സീറ്റുകൾ നേടിയ ഇടതുപക്ഷ സഖ്യത്തി​ന്‍റെ ഭാഗമായ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ഒലിവിയർ ഫൗർ, നാലാംസ്ഥാനം മാത്രമുള്ള പാർട്ടിയിൽനിന്ന് ഒരു പ്രധാനമന്ത്രിയെ മാക്രോൺ നിയമിച്ചത് ‘ജനാധിപത്യത്തി​ന്‍റെ നിഷേധം’ ആണെന്ന് പ്രതികരിച്ചു. തങ്ങൾ പുതിയ ഭരണ പ്രതിസന്ധിയിലേക്ക് പ്രവേശിക്കുകയാണെന്നും ഫൗർ പറഞ്ഞു.

ബാർനിയറെ പിന്തുണക്കുന്നത് അദ്ദേഹത്തി​ന്‍റെ നയപരിപാടിയെ ആശ്രയിച്ചിരിക്കുമെന്ന് തീവ്ര വലതുപക്ഷ നാഷനൽ റാലി പാർട്ടിയുടെ മറൈൻ ലെ പെൻ പ്രതികരിച്ചു.

Tags:    
News Summary - Michel Barnier named as new prime minister of France

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.