ജറൂസലം: യാഥാസ്ഥിതിക ജൂത വിഭാഗവും സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്ന് ഇസ്രായേൽ സുപ്രീംകോടതി വിധിച്ചു. സേവനത്തിനായി യാഥാസ്ഥിതിക ജൂത വിഭാഗത്തിൽപെട്ട പുരുഷന്മാരെ തയാറാക്കാനുള്ള സംവിധാനം സൈന്യം ഒരുക്കണമെന്നും വിധിയിൽ പറഞ്ഞു.
ജൂത സെമിനാരി വിദ്യാർഥികളെയും മറ്റുള്ളവരെയും വേർതിരിക്കുന്ന നിയമമില്ലാത്ത സാഹചര്യത്തിൽ നിർബന്ധിത സൈനിക സേവനം മറ്റുള്ളവരെപ്പോലെ യാഥാസ്ഥിതിക വിഭാഗത്തിനും നിർബന്ധമാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, നെതന്യാഹുവിന്റെ ഭരണസഖ്യത്തിലെ പ്രധാന പങ്കാളികളായ അൾട്രാ ഓർത്തഡോക്സ് പാർട്ടികൾ ഇതിനെ എതിർക്കുന്നവരാണ്. സെമിനാരി വിദ്യാർഥികൾക്കുള്ള ഇളവുകൾ അവസാനിപ്പിക്കുന്നത്, സഖ്യത്തിന്റെ തകർച്ചക്കുവരെ കാരണമായേക്കാം.
തെൽഅവിവ്: ഹിസ്ബുല്ലയുമായുള്ള സംഘർഷം പരിഹരിക്കാൻ ഇസ്രായേൽ നയതന്ത്ര പരിഹാരത്തിന് മുൻഗണന നൽകുമെന്ന് ഇസ്രായേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി. ഇതിനുള്ള സാധ്യതയെക്കുറിച്ച് യു.എസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഇസ്രായേലും ലബനാനും തമ്മിൽ വർധിച്ചുവരുന്ന പിരിമുറുക്കം പശ്ചിമേഷ്യയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കുശേഷം ജറൂസലമിൽ സംസാരിക്കുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.