ഗണപതി വിഗ്രഹം, എണ്ണവിളക്ക്, 7.5 കാരറ്റ് ഹരിത വജ്രം; ജോ ബൈഡനും പ്രഥമ വനിതക്കും മോദിയുടെ സമ്മാനം

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ വരവേൽപ് നൽകി യു.എസ്. ജോ ബൈഡൻ പ്രസിഡന്റായതിനു ശേഷം ആദ്യമായാണ് മോദി യു.എസ് സന്ദർശിക്കുന്നത്. മോദിക്കായി പ്രത്യേക അത്താഴ വിരുന്നും ബൈഡൻ ഒരുക്കിയിരുന്നു. ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് മോദിക്ക് സ്വീകരണം നൽകി. സ്വീകരിക്കാനെത്തിയ ബൈഡനും ഭാര്യക്കും മോദി പ്രത്യേക സമ്മാനങ്ങളും നൽകി. 'ദി ടെൻ പ്രിൻസിപ്പൽ ഉപനിഷദ്' എന്ന പുസ്തകം, പ്രത്യേക ചന്ദനപ്പെട്ടി എന്നിവ ബൈഡനും 7.5 കാരറ്റ് ഹരിത വജ്രം ജിൽ ബൈഡനും മോദി സമ്മാനിച്ചു. ഗണപതിയുടെ ഒരു വെള്ളി വിഗ്രഹവും ഒരു ദിയയുമാണ് (എണ്ണ വിളക്കും) ചന്ദനപ്പെട്ടിയിൽ ഉണ്ടായിരുന്നത്.

പുരാതന അമേരിക്കൻ ബുക്ക് ഗാലറിയും റോബർട്ട് ഫ്രോസ്റ്റിന്റെ കവിതാ സമാഹാരവുമാണ് ബൈഡൻ തിരികെ മോദിക്ക് സമ്മാനമായി നൽകിയത്. ശേഷം മൈക്രോൺ ടെക്നോളജി സിഇഒ സഞ്ജയ്‌ മെഹ്റോത്ര, അപ്ലഡ് മെറ്റീരിയൽസ് സിഇഒ ഗാരി ഇ ഡിക്കേഴ്സണ്‍, മറ്റ് വ്യവസായ പ്രമുഖരുമായും കമ്പനി മേധാവികളുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളുമായുള്ള സാങ്കേതിക പ്രതിരോധ സഹകരണം സംബന്ധിച്ച ചർച്ചകൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.

വൈറ്റ് ഹൗസിൽ നരേന്ദ്രമോദിയുമായി നടത്തുന്ന വിരുന്നിനിടെ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ജനാധിപത്യമൂല്യങ്ങളിൽ നിന്നുള്ള പിന്നോട്ട്പോക്കിനെയും സംബന്ധിച്ചുള്ള യു.എസ് ആശങ്കകൾ ചർച്ച ചെയ്യണമെന്ന് ഡെമോക്രാറ്റിക് സെനറ്റ് അംഗങ്ങൾ ബൈഡന് കത്തെഴുതി ആവശ്യമുന്നയിച്ചിരുന്നു. ചർച്ചക്കിടെ വിഷയം ഉന്നയിക്കുമെന്ന് യു.എസ് ദേശീയ ഉപദേഷ്ടാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ചക്ക് വന്നോ എന്ന് വ്യക്തമല്ല. ഇന്ത്യൻ സമയം നാളെ മോദി അമേരിക്കൻ സംയുക്ത കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കും. എന്നാൽ ബൈഡന് കത്തയച്ച സേനറ്റ് അംഗങ്ങൾ യോഗം ബഹിഷ്കരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 24 വരെയാണ് പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശനം.

Tags:    
News Summary - Modi's gift to Joe Biden and the First Lady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.