ജക്കാർത്ത: പിറന്ന നാട്ടിൽ അഭയംകൊതിച്ച് പല വാതിലുകൾ മുട്ടിയ നീണ്ട കാത്തിരിപ്പിനൊടുവിൽ അവർ എടുത്ത തീരുമാനമായിരുന്നു ബോട്ടിലേറി മറ്റെവിടെയെങ്കിലും ചെന്നു കരപറ്റാമെന്ന്. മരത്തിൽ തീർത്ത, നുരുമ്പിപ്പോകാറായ ഒരു ബോട്ട് തരപ്പെടുത്തി അങ്ങനെ അവർ പുറപ്പെട്ടതാണ്. കുരുന്നുകളും സ്ത്രീകളുമുൾപെടെ എല്ലാം പെരുവഴിയിലായ 81 പേർ. എളുപ്പം കരയിലെത്തുമെന്ന് കരുതി പുറപ്പെട്ടവർ പക്ഷേ, കടലിൽ അലഞ്ഞത് മാസങ്ങൾ. എത്ര ദിവസങ്ങളെന്നു പോലും കൃത്യമായി ഓർക്കാനാവാത്തത്ര ദീർഘമായ കടൽവാസം. അതും ഏതുസമയവും തകർന്ന് കടലോടു ചേരാവുന്ന പഴയ ബോട്ടിൽ.
റോഹിങ്ക്യൻ അഭയാർഥികളുമായി എത്തിയ ബോട്ട് കരതൊട്ടത് ഇന്തോനേഷ്യയിലെ ആെച പ്രവിശ്യയിലുള്ള ഇഡമൻ ദ്വീപിലായിരുന്നു. അതും, മത്സ്യബന്ധന തൊഴിലാളികൾ മാത്രം ഉപയോഗിക്കുന്ന കടൽ തീരത്ത്. ഇവരെ സ്വീകരിക്കണോ അതോ വീണ്ടും കടലിലേക്ക് ഒഴുകാൻ വിടണോ എന്നായിരുന്നു ദ്വീപിലെ ആദ്യ കലഹം. എല്ലാം അവസാനിച്ച് അവർക്ക് താൽകാലിക അഭയം തേടിയ നാട്ടുകാർ ഭക്ഷണവും വസ്ത്രവും നൽകി അവരെ സ്വീകരിച്ചിട്ടുണ്ട്.
ബംഗ്ലദേശിലെ അഭയാർഥി ക്യാമ്പിൽനിന്ന് പുറപ്പെട്ടതാണെന്നാണ് കരുതുന്നത്. ബോട്ട് ആദ്യം ചെന്നുതൊട്ടത് ഇന്ത്യൻ തീരത്തായിരുന്നുവെന്ന് ഇവർ പറയുന്നു. ബോട്ടിന് പറ്റിയ കേടുപാടുകൾ തീർത്ത തീരദേശ സേന ഇവരെ തിരികെ നാട്ടിലേക്ക് അയച്ചു. ആ യാത്രയാണ് ലക്ഷ്യംതെറ്റി 100 ദിവസത്തിലേറെ കടലിൽ അലഞ്ഞ് ഒടുവിൽ ഇന്തോനേഷ്യയിൽ എത്തിച്ചത്. 90 പേരുണ്ടായിരുന്ന സംഘത്തിലെ എട്ടു പേർ ഇതിനകം മരിച്ചതായാണ് സംശയം.
ഇവരെ ആച്ചെയിലെത്തിക്കുന്നതുൾപെടെ നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.