മ്യാന്മറിൽ സൈന്യം 30ലധികം പേരെ വെടിവെച്ചു കൊന്നു; മൃതദേഹം കത്തിച്ചു

നയ്പിഡോ: മ്യാന്മറിൽ സൈന്യത്തിന്‍റെ വംശീയ ആക്രമണങ്ങള്‍ രൂക്ഷമായ കായ പ്രവിശ്യയില്‍ സൈന്യം മുപ്പതോളം പേരെ വെടിവെച്ച് കൊന്ന് മൃതദേഹം കത്തിച്ചെന്ന് മനുഷ്യാവകാശ സംഘടനകൾ. വയോധികരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

വിവിധ പ്രദേശങ്ങളില്‍നിന്ന് കുടിയിറക്കപ്പെട്ട് അഭയാര്‍ഥികളായി കഴിയുന്നവരുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടതായി കരേന്നി മനുഷ്യാവകാശ സംഘടന പറഞ്ഞു. ശനിയാഴ്ച ഹ്പ്രൂസോ പട്ടണത്തിലെ മോ സോ ഗ്രാമത്തിലാണ് സൈനിക ഭരണാധികാരികൾ കൊല നടത്തിയത്.

മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി സംഘടനയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം, മ്യാന്മാർ സൈന്യം ആയുധങ്ങളുമായെത്തിയ പ്രതിപക്ഷ സായുധ സേനയിലെ നിരവധി പേരെ വെടിവെച്ചു കൊന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴു വാഹനങ്ങളിലായെത്തിയ സംഘം സൈന്യം കൈ നീട്ടിയിട്ടും നിർത്തിയില്ലെന്നും പറയുന്നു. കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടങ്ങളുടെയും ട്രക്കുകളുടെയും ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും പ്രചരിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ തങ്ങളുടെ അംഗങ്ങളില്ലെന്ന് പ്രക്ഷോഭം നടത്തുന്ന സംഘങ്ങളിൽ പ്രധാനികളായ കരേന്നി നാഷനാലിറ്റീസ് ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി.

എന്നാൽ, സംഘർഷ മേഖലയിൽനിന്ന് പ്രദേശവാസികളായ നിരവധി പേർ അഭയം തേടിയിരുന്നതായി അവർ പറയുന്നു. ഫെബ്രുവരി ഒന്നിലെ സൈനിക അട്ടിമറിയിലൂടെ ആങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ പുറത്താക്കി സൈന്യം ഭരണം പിടിച്ചതിൽ മ്യാന്മറിൽ പ്രക്ഷോഭം ശക്തമാണ്. പ്രക്ഷോഭകരെ സൈന്യം അടിച്ചമർത്തുകയാണ്. നിരവധി പേരാണ് വെടിയേറ്റ് മരിച്ചത്. 

Tags:    
News Summary - More than 30 killed, bodies burned in Myanmar’s Kayah state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.