മോസ്കോ: സൗഹാർദ ബന്ധം പുലർത്തുന്ന രാഷ്ട്രങ്ങളിൽ നിന്ന് നിക്ഷേപം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ റഷ്യ പാപ്പരാകുമെന്ന് മുന്നറിയിപ്പ്. സൈബീരിയയിൽ സംഘടിപ്പിച്ച സാമ്പത്തിക സമ്മേളനത്തിൽ റഷ്യൻ ശതകോടീശ്വരൻ ഒലെങ്ക് ഡെറിപാസ്കയാണ് ഇതെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
സാമ്പത്തിക പ്രതിസന്ധിയിൽ റഷ്യ തളർന്നില്ലെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡെറിപാസ്കയുടെ മുന്നറിയിപ്പ്.
റഷ്യ യുക്രെയ്ൻ അധിനിവേശം തുടങ്ങിയതു മുതൽ എതിരായിരുന്നു ഡെറിപാസ്ക. യുദ്ധത്തിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതാണ് റഷ്യയെ പ്രതിസന്ധിയിലാക്കിയതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2022 ൽ റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതുമുതൽ പാശ്ചാത്യ രാജ്യങ്ങൾ 11,300 ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്.
റഷ്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന 300 ബില്യൻ ഡോളറും തടഞ്ഞുവച്ചു. ചൈനയുടെ സഹായം കൊണ്ടാണ് റഷ്യ ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. അടുത്ത 25 കൊല്ലം ഏഷ്യൻ രാജ്യങ്ങളോടൊപ്പം നിൽക്കുന്നതിനെ കുറിച്ച് റഷ്യ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.