''അവസാന ശ്വാസംവരെയും ഞങ്ങൾ പൊരുതും. ആളും ആയുധങ്ങളും നൽകി സഹായിക്കുമെന്ന് പറഞ്ഞവരൊക്കെ എവിടെ? യുക്രെയ്ന് നാറ്റോ അംഗത്വം നൽകുമെന്ന് ഉറപ്പുതരാൻ ആർക്കു കഴിയും? എല്ലാവർക്കും ഭീതിയാണ്...'' തന്റെ രാജ്യത്തെ രക്തച്ചൊരിച്ചിലിലേക്ക് തള്ളിവിട്ട് ഗാലറിയിൽ കാഴ്ചക്കാരായി നിൽക്കുന്ന യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളോടുള്ള അമർഷമാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ വാക്കുകളിൽ.
പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെ യുദ്ധക്കളത്തിൽ തനിച്ചായ സെലൻസ്കിക്ക് വീരയോദ്ധാവിന്റെ പരിവേഷമാണ് സമൂഹമാധ്യമങ്ങളിൽ. 2019ലാണ് അഴിമതി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് 73 ശതമാനത്തിലേറെ വോട്ടുകൾ നേടി 44 കാരനായ സെലൻസ്കി യുക്രെയ്നിന്റെ പ്രസിഡന്റായി അധികാരമേറ്റത്. രാഷ്ട്രീയത്തിൽ ഒട്ടും പാരമ്പര്യമില്ലാതിരുന്ന അദ്ദേഹത്തെ ഹാസ്യതാരം എന്ന നിലയിലാണ് ജനങ്ങൾക്ക് സുപരിചിതം. യുക്രെയ്നിലെ ക്രിവ്വി റീയിലാണ് ജനനം. റഷ്യൻ ഭാഷ സംസാരിക്കുന്ന വ്യവസായനഗരമാണിത്.
അധികാരത്തിലേറിയപ്പോർ കിഴക്കൻ യുക്രെയ്നിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സെലൻസ്കി മുൻകൈയെടുത്തിരുന്നു. അതേ പ്രശ്നമാണിപ്പോൾ രാജ്യത്തെ രക്തച്ചൊരിച്ചിലിൽ എത്തിച്ചത്. മുൻ സോവിയറ്റ് രാജ്യമായ യുക്രെയ്നെ സെലൻസ്കി പാശ്ചാത്യരാജ്യങ്ങളുമായി അടുപ്പിക്കാൻ ശ്രമിക്കുന്നത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് അത്രകണ്ട് രസിച്ചില്ല. കഴിഞ്ഞ വർഷമാണ് പരിശീലനത്തിനെന്ന പേരുപറഞ്ഞ് റഷ്യ യുക്രെയ്ൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചത്.
റഷ്യ യുക്രെയ്നെ ആക്രമിക്കുമെന്ന് പറഞ്ഞ് ബഹളം കൂട്ടുമ്പോഴും വെറുതെ തന്റെ ജനങ്ങളെ ഭീതിയിലാഴ്ത്തരുതെന്നായിരുന്നു സെലൻസ്കിയുടെ അഭ്യർഥന. എന്തുവന്നാലും കൂടെയുണ്ടാകുമെന്ന് കരുതിയ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളായിരുന്നു സെലൻസ്കിയുടെ ആത്മവിശ്വാസം. കര, വ്യോമ, കടൽ മാർഗങ്ങൾ വഴി റഷ്യൻപട യുക്രെയ്നിലേക്ക് ഇരച്ചുകയറുന്നതുവരെയേ അതിനു ആയുസ്സുണ്ടായിരുന്നുള്ളൂ. തലസ്ഥാനമായ കിയവ് പിടിച്ചെടുത്ത് യുക്രെയ്നെ രാഷ്ട്രീയമായി അസ്ഥിരമാക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് സെലൻസ്കി പറയുന്നു.
താനും കുടുംബവുമാണ് അവരുടെ ഉന്നമെന്നും ഉറപ്പിക്കുന്നു. എന്നിട്ടും ഒളിച്ചോടാനല്ല, രണാങ്കണത്തിൽ സ്വന്തം ജനതക്കൊപ്പം നിൽക്കാനാണ് അദ്ദേഹം തയാറാകുന്നത്. സ്വന്തം രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ ആയുധങ്ങളുമായി പങ്കെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനംചെയ്യുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.