ന്യൂയോർക്: ഇറാനെതിരെ വീണ്ടും ഉപരോധമേർപ്പെടുത്താൻ യു.എന്നിനെ സമീപിച്ച യു.എസ് വീണ്ടും ഒറ്റപ്പെട്ടു. 15 അംഗ രക്ഷാസമിതിയിലെ 13 അംഗങ്ങളും നീക്കത്തെ എതിർത്തു. രണ്ടു വർഷം മുമ്പ് കരാറിൽനിന്ന് യു.എസ് വിട്ടുപോന്നതിനാൽ നടപടി നിലനിൽക്കില്ലെന്ന് മറ്റ് അംഗങ്ങൾ വിശദീകരിച്ചു.
കാലങ്ങളായി യു.എസിനൊപ്പം നിലകൊള്ളാറുള്ള ബ്രിട്ടനുൾപ്പെടെ എതിർപക്ഷത്ത് നിലയുറപ്പിച്ചത് അമേരിക്കയെ തെല്ലൊന്നുമല്ല സമ്മർദത്തിലാക്കുന്നത്.നേരത്തേ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇറാനു മേൽ യു.എൻ ഉപരോധം വീണ്ടും നിലവിൽവരാൻ 30 ദിവസത്തെ കൗണ്ട്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ബ്രിട്ടനുപുറമെ ഫ്രാൻസ്, ജർമനി, ബെൽജിയം, ചൈന, റഷ്യ, വിയറ്റ്നാം, നൈജർ, സെൻറ് വിൻസൻറ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, എസ്തോണിയ, തുനീഷ്യ എന്നീ രാജ്യങ്ങളും എതിർത്തു. ഡൊമിനിക്കൻ റിപ്പബ്ലിക് മാത്രമാണ് ഒപ്പം നിന്നത്.
2015ലാണ് ഇറാനും ലോക വൻശക്തികളും ആണവ കരാറിൽ ഒപ്പുവെക്കുന്നത്. 2018ൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിരുപാധികം പിന്മാറി. ഏറ്റവും മോശം കരാറെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം. ഈ കരാറിെൻറ ഭാഗമായ രാജ്യങ്ങൾക്ക് അടിയന്തര ഘട്ടത്തിൽ ഇറാനെതിരെ വീണ്ടും ഉപരോധമേർപെടുത്താൻ അനുമതി നൽകുന്ന സ്നാപ്ബാക്ക് വ്യവസ്ഥയാണ് അനവസരത്തിൽ യു.എസ് പ്രയോഗിക്കാനൊരുങ്ങുന്നത്.
സെപ്റ്റംബർ 19ഓടെ ഇറാൻ വീണ്ടും ഉപരോധത്തിലാകുമെന്നാണ് യു.എസ് പറയുന്നത്. എന്നാൽ, ഇത് അംഗീകരിക്കില്ലെന്ന് റഷ്യയും ചൈനയുമുൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകരിക്കാത്ത പക്ഷം നടപടി നേരിടേണ്ടിവരുമെന്ന് അവക്കെതിരെയും ഉപരോധം കൊണ്ടുവരുമെന്ന് യു.എസും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക ഒരു വശത്തും ലോക രാഷ്ട്രങ്ങൾ മറുവശത്തുമാകുേമ്പാൾ എന്തു സംഭവിക്കുമെന്നാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.