മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവുർ റാണ യു.എസ് സുപ്രീംകോടതിയിൽ

വാഷിംങ്ടൺ: മുംബൈ ഭീകരാക്രമണക്കേസ് പ്രതിയെന്ന് ആരോപിക്കപ്പെടുന്ന തഹാവുർ റാണ തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ യു.എസ് സുപ്രീംകോടതിയെ സമീപിച്ചു. 2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാക് വംശജനും കനേഡിയൻ പൗരനുമായ റാണയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഈ നീക്കത്തിനെതിരെ കീഴ്‌ക്കോടതികളിലെയും നിരവധി ഫെഡറൽ കോടതികളിലെയും നിയമപോരാട്ടത്തിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് റാണ അവസാനമായി സാൻഫ്രാൻസിസ്കോയിലെ നോർത്ത് സർക്യൂട്ടിലെ യു.എസ് അപ്പീൽ കോടതിയിലെത്തിയത്. സെപ്റ്റംബർ 23ന് റാണയെ ഇന്ത്യയിലേക്ക് കൈമാറാനുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെ​ന്‍റെ നീക്കത്തെ അംഗീകരിച്ച മറ്റ് കോടതികളുടെ തീരുമാനങ്ങൾ സ്റ്റേ ചെയ്യാനുള്ള റാണയുടെ ഹരജി സർക്യൂട്ട് കോടതി തള്ളി. നവംബർ 13ന് റാണ യു.എസ് സുപ്രീം കോടതിയിൽ വിധി പുനരവലോകനം ചെയ്യുന്നതിനു വേണ്ടിയുള്ള ഹരജി ഫയൽ ചെയ്തു. നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യയിലേക്ക് കൈമാറാതിരിക്കാനുള്ള റാണയുടെ അവസാന നിയമാവസരമാണിത്.

വിധി പുനരവലോകനം ചെയ്യുന്നതിനുള്ള  ‘റിട്ട് ഓഫ് സെർട്ടിയോററി’ക്ക് വേണ്ടിയുള്ള ഹരജികളിൽ, ഇല്ലിനോയിസിലെ ഫെഡറൽ കോടതിയിൽ തന്നെ വിചാരണ ചെയ്യുകയും കുറ്റവിമുക്തനാക്കുകയും ചെയ്ത അതേ വാദം റാണ ഉന്നയിച്ചു..

സെപ്റ്റംബർ 26 മുംബൈ ഭീകരാക്രമണത്തിൽ റാണക്ക് പങ്കുണ്ടെന്ന ആരോപണത്തിനു പുറമെ ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രത്തെ ബാധിച്ച സംഭവത്തി​ന്‍റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ പാക്-അമേരിക്കക്കാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്നും ആരോപിക്കുന്നു. മുംബൈ ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Mumbai terror accused Tahawwur Rana approaches US Supreme Court to challenge extradition to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.