ആയുധത്തിനു പകരം എണ്ണ; ഉപരോധം ലംഘിച്ച് റഷ്യ ഉത്തര കൊറിയക്ക് എണ്ണ നൽകുന്ന ഉപഗ്രഹ ചിത്രം പുറത്ത്

സിയോൾ: യു.എൻ ഉപരോധം ലംഘിച്ച് റഷ്യ ഉത്തര കൊറിയയിലേക്ക് എണ്ണ അയക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. യു.കെ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗവേഷണ ഗ്രൂപ്പായ ഓപ്പൺ സോഴ്‌സ് സെന്‍ററി​ന്‍റെ സാറ്റലൈറ്റ് ഇമേജറിയിൽ റഷ്യൻ തുറമുഖത്ത് ഒരു ഉത്തര കൊറിയൻ എണ്ണക്കപ്പൽ നങ്കൂരമിട്ടിരിക്കുന്നതായി കാണിക്കുന്നു. ഓപ്പൺ സോഴ്സി​ന്‍റെ വിശകലനത്തിൽ ഈ വർഷം മാർച്ച് മുതൽ റഷ്യ ഉത്തര കൊറിയക്ക് പത്തു ലക്ഷത്തിലധികം ബാരൽ എണ്ണ വിതരണം ചെയ്തതായി കണക്കാക്കുന്നു. യുക്രെയ്‌നിലെ യുദ്ധത്തിന് ആക്കം കൂട്ടാൻ ഉത്തര കൊറിയ മോസ്‌കോയിലേക്കയച്ച ആയുധങ്ങൾക്കും സൈനികർക്കുമുള്ള പ്രതിഫലമാണ് എണ്ണയെന്ന് പ്രമുഖ വിദഗ്ധരും യു.കെ വിദേശകാര്യ സെക്രട്ടറിയുമായ ഡേവിഡ് ലാമിയും പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.

ഈ കൈമാറ്റങ്ങൾ യു.എൻ ഉപരോധം ലംഘിക്കുന്നതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടുതൽ ആണവായുധങ്ങൾ വികസിപ്പിക്കാതിരിക്കാൻ സമ്പദ്‌വ്യവസ്ഥയെ ഞെരുക്കുന്നതിന് ഉത്തര കൊറിയക്ക് എണ്ണ വിൽക്കുന്നതിൽനിന്ന് യു.എൻ രാജ്യങ്ങളെ വിലക്കുന്നു. ഓപ്പൺ മാർക്കറ്റിൽ എണ്ണ വാങ്ങാൻ അനുവാദമില്ലാത്ത ലോകത്തിലെ ഏക രാജ്യമാണ് ഉത്തര കൊറിയ. ശുദ്ധീകരിച്ച പെട്രോളിയത്തി​ന്‍റെ ബാരലുകളുടെ എണ്ണം ഐക്യരാഷ്ട്രസഭ പ്രതിവർഷം 500,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് രാജ്യത്തിന് ആവശ്യമായ അളവിലും വളരെ കുറവാണ്.

കടലിലെ കപ്പലുകളിൽനിന്ന് എടുത്ത കൂടുതൽ ചിത്രങ്ങളിൽ ടാങ്കറുകൾ കാലിയായി എത്തുന്നതി​ന്‍റെയും നിറച്ചു മടങ്ങിപ്പോയതി​ന്‍റെയും സൂചനകൾ ഉണ്ട്. എന്നാൽ, വിഷയത്തിൽ റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ലെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്തു. 2024 മാർച്ച് 7നാണ് പ്യോങ്‌യാങ് മോസ്‌കോവിലേക്ക് ആയുധങ്ങൾ അയക്കുന്നുവെന്ന ആദ്യ റിപ്പോർട്ട് പുറത്തുവന്നത്. ശേഷം ആയിരക്കണക്കിന് ഉത്തര കൊറിയൻ സൈനികരെ റഷ്യയിലേക്ക് യുദ്ധത്തിനായി അയച്ചതായി റിപ്പോർട്ടും വന്നു.

കിം ജോങ് ഉൻ ത​ന്‍റെ യുദ്ധം തുടരാൻ വ്‌ളാദിമിർ പുടിന് ഒരു ലൈഫ്‌ലൈൻ നൽകുമ്പോൾ, റഷ്യ നിശബ്ദമായി ഉത്തരകൊറിയക്ക് സ്വന്തമായി ഒരു ലൈഫ്‌ലൈൻ നൽകുന്നു- ഓപ്പൺ സോഴ്‌സ് സെന്‍ററി​ന്‍റെ ജോ ബൈർൺ പറഞ്ഞു. ഉപരോധം ഏർപ്പെടുത്തിയതിനുശേഷം ഉത്തരകൊറിയയിലേക്ക് ഇത്തരത്തിൽ എണ്ണപ്രവാഹം ആദ്യമായാണ്. മോസ്‌കോയും പ്യോങ്‌യാങ്ങും തമ്മിലുള്ള ബന്ധം വർധിച്ചതി​ന്‍റെ അനന്തരഫലമാണ് ഈ കൈമാറ്റം എന്ന് യു.എന്നി​ന്‍റെ മുൻ അംഗങ്ങൾ പ്രതികരിച്ചു.  ഇത് പുടി​ന്‍റെ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്നു. മിസൈലുകൾക്കുള്ള എണ്ണ, പീരങ്കികൾക്കുള്ള എണ്ണ, സൈനികർക്കുള്ള എണ്ണ- 2014 മുതൽ 2019 വരെ യു.എൻ നിരീക്ഷണ പാനലിനെ നയിച്ച ഹഗ് ഗ്രിഫിത്ത്സ് പറയുന്നു.

ഉക്രെയ്നിൽ യുദ്ധം തുടരുന്നതിന് എണ്ണക്കു പകരമായി സൈന്യത്തിനും ആയുധങ്ങൾക്കും വേണ്ടി റഷ്യ ഉത്തരകൊറിയയെ കൂടുതലായി ആശ്രയിക്കുന്നു. ഇത് കൊറിയൻ ഉപദ്വീപ്, യൂറോപ്പ്, ഇന്തോ-പസഫിക് എന്നിവിടങ്ങളിലെ സുരക്ഷയെ നേരിട്ട് ബാധിക്കുമെന്നും യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പ്രതികരിച്ചു.

Tags:    
News Summary - Russia gives North Korea a million barrels of oil, report finds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.