ന്യൂഡൽഹി: ഹർദീപ് സിങ് നിജ്ജാർ വധം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കാനഡ. മോദിക്കോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥർക്കോ കാനഡയിലെ ഒരു കുറ്റകൃത്യത്തിലും പങ്കില്ലെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു.
പത്രവാർത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കനേഡിയൻ സർക്കാറിന്റെ വിശദീകരണം. അമിത് ഷായുടെ നേതൃത്വത്തിലാണ് ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനും ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനും പദ്ധതിയെ കുറിച്ച് അറിയാമെന്നുമായിരുന്നു കനേഡിയൻ പത്രത്തിന്റെ റിപ്പോർട്ട്.
കഴിഞ്ഞ ദിവസം കനേഡിയൻ സർക്കാറിന്റെ പ്രസ്താവനയിൽ വിവാദത്തിൽ നിന്നും അകലം പാലിക്കുകയാണ് അവർ ചെയ്യുന്നത്. ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നും കാനഡ വ്യക്തമാക്കി.
കനേഡിയൻ പത്രത്തിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട് കാനഡയുടെ വിശദീകരണം പുറത്ത് വരുന്നത്. കഴിഞ്ഞ വർഷം നിജ്ജാർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.