ബാങ്കോക്ക്: അധികാര ഭ്രഷ്ടയാക്കിയശേഷം സൈന്യം തടവിലടച്ച മ്യാൻമർ നേതാവ് ഓങ്സാൻ സൂചിയെ, വിവിധ കുറ്റങ്ങൾ ചുമത്തി പ്രത്യേക കോടതി നാലു വർഷം തടവിനു വിധിച്ചു. ജനങ്ങളെ അക്രമങ്ങൾക്ക് പ്രേരിപ്പിച്ചുവെന്നും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നുമുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചതെന്ന് നിയമകാര്യ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സൂചിക്കൊപ്പം രണ്ടു അനുയായികളെ കൂടി ശിക്ഷിച്ചിട്ടുണ്ട്.
സമാധാന നൊബേൽ ജേതാവായ സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാംതവണയും തെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ, കൃത്രിമം ആരോപിച്ചാണ് സൈന്യം അട്ടിമറി നടത്തിയത്. അന്നു മുതൽ തടവിലുള്ള 76 കാരിയായ സൂചിക്കെതിരെ ചുമത്തിയ ഒട്ടേറെ കുറ്റങ്ങളിൽ രണ്ടെണ്ണത്തിലാണ് തിങ്കളാഴ്ച വിധിയുണ്ടായത്. മറ്റുള്ളവയിൽ അടുത്ത ആഴ്ച തന്നെ വിധി വരുമെന്നാണ് സൂചന.
എല്ലാത്തിലും ശിക്ഷിക്കപ്പെടുകയാണെങ്കിൽ 100 വർഷത്തിലേറെ തടവുശിക്ഷ ലഭിക്കാം. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാത്ത അടച്ച കോടതിയിൽ നടന്ന വിചാരണയുടെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന് സൂചിയുടെ അഭിഭാഷകർക്കടക്കം നിർദേശമുള്ളതിനാൽ, പേരു പറയാത്ത നിയമകാര്യ ഉദ്യോഗസ്ഥനാണ് വിധി സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.
സൂചിക്കെതിരായ നടപടിയിൽ അന്തരാഷ്ട്ര തലത്തിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.