പാരിസ്: ടെലിഗ്രാം സി.ഇ.ഒ പായൽ ദുറോവിന്റെ അറസ്റ്റിനു പിന്നാലെ അദ്ദേഹത്തെ കുറിച്ചുള്ള നിരവധി കഥകളാണ് പ്രചരിക്കുന്നത്. റഷ്യന്‍ വംശജനായ ദുറോവിന് ഫ്രഞ്ച് പൗരത്വമുണ്ടെങ്കിലും ദുബായിലായിരുന്നു താമസം. ടെലിഗ്രാമിന്റെ ആസ്ഥാനവും ഇവിടെയാണ്. 2013 ല്‍ സഹോദരന്‍ നിക്കോളയുമായി ചേര്‍ന്നാണ് ദുറോവ് ടെലിഗ്രാം സ്ഥാപിച്ചത്. ഇന്ന് നൂറുകോടിക്കടുത്ത് ഉപയോക്താക്കളുണ്ടതിന്. ഉപയോക്താക്കളിൽ കൂടുതലും യുക്രൈനിലും റഷ്യയിലുമാണ് കൂടുതല്‍. ഫോബ്സ് മാഗസിന്റെ കണക്കുകൾ പ്രകാരം 1550 കോടി ഡോളറാണ് (12.99 ലക്ഷം കോടി രൂപ) ദുറോവിന്റെ ആസ്തി. റഷ്യയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള അധികൃതരുടെ കണ്ണിലെ കരടാണ് ഇദ്ദേഹം. ഇദ്ദേഹം റഷ്യൻ സക്കർബർഗ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
ടെലിഗ്രാമിനുമുന്‍പ് 'വികോണ്‍ടാക്ടെ' എന്ന പേരിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോം ദുറോവ് സ്ഥാപിച്ചിരുന്നു. സെന്റ് പീറ്റേഴ്സ്ബർഗ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു അത്.നിരവധി ആളുകളെ ഈ പ്ലാറ്റ്ഫോം ആകർഷിച്ചു. അപ്പോഴും അതിന്റെ സ്ഥാപകൻ ആരെന്ന് പുറംലോകമറിഞ്ഞില്ല.
അതിലെ പ്രതിപക്ഷവുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റികള്‍ പൂട്ടണമെന്ന് റഷ്യന്‍ സർക്കാർ ഉത്തരവിട്ടു. എന്നാൽ ഉത്തരവ് പാലിക്കാതെ 2014ല്‍ ദുറോവ് മോസ്‌കോ വിട്ടു. പിന്നീട് ആ ആപ്ലിക്കേഷന്‍ വിൽക്കുകയായിരുന്നു.
2022 ല്‍ റഷ്യ, യുക്രെയ്നിൽ യുദ്ധം തുടങ്ങിയപ്പോൾ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ദൃശ്യങ്ങളും സെന്‍സര്‍ ചെയ്യാതെ ഏറ്റവുംകൂടുതല്‍ പ്രചരിച്ചത് ടെലിഗ്രാമിലൂടെയായിരുന്നു. അതില്‍ ചിലതൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന ആരോപണവുമുണ്ടായി. ടെലിഗ്രാം പോലെ സ്വന്തമായി ക്രിപ്റ്റോ കറൻസിയും സൃഷ്ടിച്ചിട്ടുണ്ട്. ദുറോവ്. അറസ്റ്റിനും ക്രിപ്‌റ്റോകറൻസിയായ ടോൺകോയിൻ 15 ശതമാനത്തിലധികം ഇടിഞ്ഞു.
സാധാരണയായി മാധ്യമങ്ങൾക്ക് മുഖം കൊടുക്കാറില്ല റുറോവ്. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ തീവ്ര യാഥാസ്ഥിതിക യു.എസ് മാധ്യമപ്രവർത്തകൻ ടക്കർ കാൾസണുമായി ദീർഘമായ അഭിമുഖത്തിന് സമ്മതിച്ചു. ആളുകൾ സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നുവെന്നും അവർ സ്വകാര്യത, സ്വാതന്ത്ര്യം എന്നിവ ഇഷ്ടപ്പെടുന്നുവെന്നും അഭിമുഖത്തിൽ റുറോവ് സൂചിപ്പിച്ചു. ആരെങ്കിലും ടെലിഗ്രാമിലേക്ക് മാറുന്നതിന് ധാരാളം കാരണങ്ങളുണ്ടെന്നും അഭിമുഖത്തിൽ പറയുകയുണ്ടായി.
മാംസവും മദ്യവും കാപ്പിയും പോലും ഉപേക്ഷിച്ച് ഏകാന്തജീവിതം നയിക്കുമെന്ന് അവകാശപ്പെട്ട് സ്വന്തം ടെലിഗ്രാം ചാനലിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാനും അദ്ദേഹത്തിന് മടിയില്ല. എപ്പോഴും കറുത്ത വസ്ത്രം ധരിക്കുന്ന അദ്ദേഹം 'മാട്രിക്സ്' എന്ന സിനിമയിലെ കീനു റീവ്സ് എന്ന നടനുമായി സ്വയം സാമ്യം ചെയ്യുന്നു.
കഴിഞ്ഞ ജൂലൈയിൽ താൻ നിരവധി രാജ്യങ്ങളിൽ ബീജദാനം നടത്തിയിട്ടുണ്ടെന്നും 100ലേറെ കുട്ടികളുടെ ജൈവശാസ്‍ത്ര പിതാവാണെന്നും അവകാശപ്പെട്ട് രംഗത്ത്‍വന്നിരുന്നു.
ശനിയാഴ്ച വൈകീട്ട് പാരീസിനടുത്തുള്ള ബുര്‍ഗെ വിമാനത്താവളത്തിലാണ് അറസ്റ്റുചെയ്തത്. ദുബായില്‍ താമസിക്കുന്ന ദുറോവ്, അസര്‍ബയ്ജാനില്‍നിന്ന് സ്വകാര്യജെറ്റില്‍ പാരീസിലെത്തിയതായിരുന്നു. ഞായറാഴ്ച ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയാണ് കസ്റ്റഡി 90 ദിവസത്തേക്ക് നീട്ടിയത്. ടെലിഗ്രാമിനെ ക്രിമിനൽ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് നടപടി.
തട്ടിപ്പുകള്‍, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദം പ്രോത്സാഹിപ്പിക്കല്‍ ഉള്‍പ്പടെയുള്ളവ ടെലഗ്രാമില്‍ നടക്കുന്നവെന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് അധികാരികള്‍ ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.