കൈറോ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈറോ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്. അമേരിക്കൻ സന്ദർശനത്തിനു ശേഷം എത്തിയ മോദിയെ ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. 26 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുമായും മറ്റു നേതാക്കളുമായും മോദി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച നടത്തും.
ഈജിപ്ഷ്യൻ കാബിനറ്റിന്റെ ഇന്ത്യാ യൂനിറ്റുമായുള്ള ചർച്ചയിലും മോദി പങ്കെടുക്കും. ഗ്രാൻഡ് മുഫ്തി ഡോ. ശൗക്കി ഇബ്രാഹിം അബ്ദുൽകരീം അല്ലാമുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ ദാവൂദിബോറ വിഭാഗത്തിന്റെ സഹായത്തോടെ പുനരുദ്ധരിച്ച കൈറോയിലെ ചരിത്രപ്രസിദ്ധമായ അൽ ഹാകിം മസ്ജിദും പ്രധാനമന്ത്രി സന്ദർശിക്കും.
ഹീലിയോപോളിസ് യുദ്ധ സെമിത്തേരി സന്ദർശിച്ച് ഒന്നാം ലോകയുദ്ധത്തിൽ ഈജിപ്തിനായി ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കും. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു അൽസീസി. സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.