ന്യൂയോർക്ക്: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ഉയർന്ന് ബാലവേല നിരക്ക്. രണ്ടു ദശാബ്ദത്തിനിടെയാണ് ബാലവേല നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന് യുനൈറ്റഡ് നേഷൻസ് പറയുന്നു.
കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി ലക്ഷകണക്കിന് കുട്ടികളെയാണ് തൊഴിലെടുക്കാൻ നിർബന്ധിതരാക്കിയത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയും യു.എന്നിന്‍റെ യുനിസെഫിന്‍റെയും കണക്കുകൾ പ്രകാരം 2020ൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 16 കോടിയായി ഉയർന്നു. അതായത് നാലുവർഷത്തിനിടെ 84ലക്ഷം കുട്ടികൾ ബാലവേല ചെയ്യാൻ പുതുതായെത്തിയെന്നും കണക്കുകൾ പറയുന്നു.
കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ ബാലവേലയുടെ കണക്കുകൾ ഉയർന്നിരുന്നതായാണ് റിപ്പോർട്ടുകൾ. കോവിഡ് പ്രതിസന്ധി അതിന് ആക്കം കൂട്ടുകയും ചെയ്തു. ലോകത്തിലെ പത്തിൽ ഒരു കുട്ടി ബാലവേല ചെയ്യുന്നുവെന്നാണ് കണക്കുകൾ. ബാലവേല ഏറ്റവുമധികം ആഫ്രിക്കൻ രാജ്യങ്ങളിലാണെന്നും സൂചിപ്പിക്കുന്നു.
ദാരിദ്രത്തിലേക്ക് വഴുതിവീഴുന്ന കുടുംബങ്ങളെ കരകയറ്റിയില്ലെങ്കിൽ അടുത്ത രണ്ടുവർഷത്തിനിടെ ബാലവേല ചെയ്യാൻ അഞ്ചുകോടി കുട്ടികൾ നിർബന്ധിതരാകുമെന്നും യു.എൻ പറയുന്നു.
ബാലവേല അവസാനിപ്പിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾക്ക് അടിതെറ്റുന്നതായി യുനിസെഫ് മേധാവി ഹെൻറീറ്റ ഫോറെ പറഞ്ഞു. കോവിഡ് 19ന്‍റെ സാഹചര്യം അതിന് ആക്കം കൂട്ടി.
വിവിധ രാജ്യങ്ങൾ രണ്ടാം ലോക്ഡൗൺ നേരിട്ടതോടെ സ്കൂളുകൾ പൂട്ടുകയും സമ്പദ്ഘടന താളംതെറ്റുകയും കുടുംബ ബജറ്റുകൾ പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതോടെ കുടുംബങ്ങൾ കുഞ്ഞുങ്ങളെ ബാലവേലക്ക് അയക്കാൻ നിർബന്ധിതരാകുകയാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.