പ്രചണ്ഡയുടെ രാജി തേടി നേപ്പാളി കോൺഗ്രസ്

കാഠ്മണ്ഡു: പുതിയ സർക്കാറിന് രൂപം നൽകാൻ പ്രധാനമന്ത്രി പുഷ്പകമൽ ദഹാൽ (പ്രചണ്ഡ) രാജിവെക്കണമെന്ന ആവശ്യവുമായി നേപ്പാളി കോൺഗ്രസ്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളുമായി (യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്) അധികാരം പങ്കിടൽ കരാറിൽ ഏർപ്പെട്ടതിനു പിന്നാലെയാണ് ഈ ആവശ്യമുന്നയിച്ചത്. രാജിവെക്കാത്ത പക്ഷം പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരുമെന്ന് പാർട്ടി വക്താവ് ഡോ. പ്രകാശ് ശരൺ മഹത് പറഞ്ഞു.

പ്രചണ്ഡ സർക്കാറിലെ മുൻ സഖ്യകക്ഷിയാണ് നേപ്പാളി കോൺഗ്രസെങ്കിൽ നിലവിലെ സഖ്യകക്ഷിയാണ് സി.പി.എൻ (യു.എം.എൽ). നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ഡ്യൂബയും സി.പി.എൻ (യു.എം.എൽ) ചെയർമാൻ കെ.പി. ശർമ ഒലിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് പുതിയ സർക്കാറുണ്ടാക്കാൻ തീരുമാനമായത്.

പാർലമെന്റിന്റെ ശേഷിക്കുന്ന കാലയളവായ ഒന്നരവർഷം ഡ്യൂബയും ഒലിയും പ്രധാനമന്ത്രിസ്ഥാനം പങ്കിടുമെന്നാണ് സൂചന. പ്രചണ്ഡ സർക്കാറിലെ സി.പി.എൻ (യു.എം.എൽ) മന്ത്രിമാർ ഉടൻ രാജിവെക്കുമെന്നാണ് വിവരം. രാജിവെക്കില്ലെന്നും വിശ്വാസവോട്ട്‌ തേടുമെന്നുമാണ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ പ്രചണ്ഡയുടെ നിലപാട്. അതേസമയം, പ്രചണ്ഡ ഒന്നര വർഷത്തിനുള്ളിൽ അഞ്ചാം തവണയാണ് വിശ്വാസവോട്ട് തേടുന്നത്.

Tags:    
News Summary - Nepali Congress seeks Prachanda's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.