മുഴുവൻ ബന്ദികളെയും ഹമാസ് വിട്ടയക്കാതെ വെടിനിർത്തലില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഒടുവിൽ പരസ്യമായി പറഞ്ഞത് നവംബർ ഏഴിനാണ്. ഹമാസ് ആക്രമണത്തിന് ഒരുമാസം തികയുന്ന ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് തന്റെ കടുത്ത നിലപാട് നെതന്യാഹു ആവർത്തിച്ചത്.
അതിനുപിന്നാലെ അഞ്ചുദിവസത്തെ വെടിനിർത്തൽ നിർദേശം അദ്ദേഹം നിരസിക്കുകയും ചെയ്തു. ദിവസങ്ങൾ കഴിയുമ്പോൾ കൂടുതൽ ഇളവുകളൊന്നുമില്ലാതെ പഴയ നിർദേശത്തിന് വഴങ്ങേണ്ടിവന്നുവെന്നത് നെതന്യാഹു നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
ഗസ്സയിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയ ഒക്ടോബർ 27ന് പിന്നാലെ ഖത്തറിന്റെ കാർമികത്വത്തിൽ ആരംഭിച്ച മധ്യസ്ഥ ചർച്ചകളുടെ ഒരുഘട്ടത്തിലാണ് നിശ്ചിത എണ്ണം ബന്ദികളുടെ മോചനത്തിന് പകരമായി അഞ്ചുദിവസത്തെ വെടിനിർത്തൽ നിർദേശം ഉയർന്നത്. പക്ഷേ, ഒറ്റയടിക്ക് തന്നെ നെതന്യാഹു ആ നിർദേശം തള്ളി. യഥാർഥത്തിൽ കരയാക്രമണത്തിന് മുമ്പ് നടന്ന ചർച്ചകളിൽ ഇതിലുമേറെ ബന്ദികളുടെ മോചനം ഉൾപ്പെട്ട നിർദേശങ്ങളുണ്ടായിരുന്നു.
അത്തരം നീക്കങ്ങളുടെ ഭാഗമായാണ് വയോധികരായ രണ്ടുവനിതകളെ ഒക്ടോബർ 20 ന് വിട്ടയച്ചത്. ഇസ്രായേലി ജയിലുകളിലുള്ള ഫലസ്തീനികളുടെ മോചനം, എണ്ണയുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വിതരണം തുടങ്ങിയ ആവശ്യങ്ങളാണ് ആദ്യഘട്ടത്തിൽ ഹമാസ് ഉന്നയിച്ചിരുന്നത്. പിന്നീടത് നേർത്ത് വ്യോമാക്രമണങ്ങളുടെ താൽക്കാലിക വിരാമം എന്നതിലേക്ക് ചുരുങ്ങുകയും ചെയ്തിരുന്നു.
ബന്ദികളായി ഇസ്രായേലികളെ പിടികൂടിയത് തന്നെ തടവിലുള്ള ഫലസ്തീനികളുടെ മോചനത്തിനാണെന്ന് നേരത്തെ ഹമാസ് വ്യക്തമാക്കിയിരുന്നതാണ്. പക്ഷേ, ചർച്ചകളുടെ ഓരോ ഘട്ടത്തിലും ഇസ്രായേലിന്റെ ബദൽ ഡിമാൻഡുകൾക്ക് കടുപ്പം കൂടിവന്നു.
സൈന്യം, സർക്കാറിലെ തീവ്രവലതുപക്ഷം, അതിശക്തരായ രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ പലപ്പോഴും ചർച്ചകൾക്ക് ഇടങ്കോലിട്ടു. ഓരോ തവണയും നെതന്യാഹുവിന്റെ പരിഗണനക്ക് പോയ നിർദേശങ്ങൾ കൂടുതൽ കടുപ്പമേറിയ ബദലുകളുമായി മടങ്ങിവന്നുവെന്ന് ഒരുഘട്ടത്തിലുള്ള ചർച്ചകൾ പരാജയപ്പെട്ട നവംബർ ഒമ്പതിന് ‘ദി ഗാർഡിയൻ’ റിപ്പോർട്ടു ചെയ്തു.
ഇതിനൊപ്പമാണ് ഒരുതരത്തിലുള്ള വെടിനിർത്തലിനുമില്ലെന്ന നെതന്യാഹുവിന്റെ പരസ്യപ്രസ്താവനകളും വന്നുകൊണ്ടിരുന്നത്. പക്ഷേ, പലതലങ്ങളിലുള്ള സമ്മർദം ഏറിവരുകയായിരുന്നു ആ ദിനങ്ങളിലെല്ലാം. ബന്ദികളുടെ കുടുംബം സർക്കാറിനും പ്രധാനമന്ത്രിക്കുമെതിരെ കടുത്ത പരാമർശങ്ങളുമായി രംഗത്തുവന്നു. ഒരുസംഘം നെതന്യാഹുവിന്റെ വസതിയിലേക്ക് മാർച്ച് നടത്തി. ഇതിനൊപ്പമാണ് യു.എസിൽനിന്നുള്ള സമ്മർദവും കടുത്തത്.
പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേൽ പ്രീണന നയത്തിനെതിരെ രാജ്യത്തും ഡെമോക്രാറ്റുകൾക്കിടയിലും വലിയ പ്രതിഷേധമുണ്ടായി. അടുത്തവർഷം തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ബൈഡന് അധികകാലം ഈ നയം തുടരാൻ കഴിയുമായിരുന്നില്ല. താൻ നേരിടുന്ന സമ്മർദം ബൈഡൻ നെതന്യാഹുവിലേക്കും പകർന്നു.
ഗസ്സയിലെ വിനാശകരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ലോകമെങ്ങും പ്രചരിച്ചതോടെ ആദ്യഘട്ടത്തിൽ ഇസ്രായേലിന് ലഭിച്ച സഹതാപം രോഷത്തിന് വഴിമാറി. ഇസ്രായേലിനെ നിരന്തരം ന്യായീകരിച്ചിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സ്വരം മാറ്റവും ശ്രദ്ധേയമായിരുന്നു.
രാജ്യത്തിനുള്ളിലും പുറത്തുനിന്നുമുള്ള പലതല സമ്മർദങ്ങൾക്കൊടുവിലാണ് തന്റെ വാക്കുകളൊക്കെ വിഴുങ്ങി നെതന്യാഹു ഇപ്പോൾ താൽക്കാലിക വെടിനിർത്തലിന് സന്നദ്ധനായത്. താൻ തന്നെ മുമ്പ് തള്ളിയ നിർദേശങ്ങളാണ് നെതന്യാഹു ഇപ്പോൾ അംഗീകരിച്ചിരിക്കുന്നതെന്ന് ഇസ്രായേലിലെ പ്രമുഖ പത്രമായ ‘ഹാരറ്റ്സും’ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഖത്തറിന്റെ നേതൃത്വത്തിലുള്ള ചർച്ചകളിൽ ഈജിപ്തും ഇസ്രായേലും പിന്നെ യു.എസിന്റെ ‘രഹസ്യ സെല്ലും’ ഭാഗമായതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബൈഡന്റെ ചില അതിവിശ്വസ്തർ ഉൾപ്പെട്ടതായിരുന്നു രഹസ്യ സെൽ. ഈ ചതുർമുഖ നീക്കങ്ങൾ പലപ്പോഴും ഗസ്സയിലെ വാർത്താവിനിമയ തടസ്സങ്ങളിലും അവസാന നിമിഷങ്ങളിലെ പാളം തെറ്റലുകളിലും തട്ടി മുടന്തി.
ഖത്തറിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും നെതന്യാഹുവിനെ വരുതിക്ക് കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്തം ബൈഡന് തന്നെയായിരുന്നു. ഹമാസ് ആക്രമണമുണ്ടായതിനുശേഷം 13 തവണയാണ് ഇരുവരും ഫോണിൽ സംസാരിച്ചത്. ഒരുവട്ടം നേരിലും.
കഴിഞ്ഞ ഞായറാഴ്ച ‘വാഷിങ്ടൺ പോസ്റ്റി’ൽ എഴുതിയ ലേഖനത്തിൽ താൽക്കാലിക വെടിനിർത്തലിനപ്പുറമുള്ള സമാധാനമാണ് താൻ വിഭാവനം ചെയ്യുന്നതെന്ന് ജോ ബൈഡൻ കുറിച്ചിരുന്നു. ‘‘ഇന്നത്തേക്ക് യുദ്ധം നിർത്തുകയെന്ന കേവല ലക്ഷ്യത്തിൽ നമ്മുടെ പദ്ധതികൾ ഒതുങ്ങരുത്.
എന്നെന്നേക്കുമായി സംഘർഷം അവസാനിക്കണം. അക്രമത്തിന്റെ ഈ ചക്രം തകർക്കണം’’- ബൈഡൻ എഴുതി. അതേസമയം, ഇപ്പോഴത്തെ താൽക്കാലിക വെടിനിർത്തൽ ശാശ്വത സമാധാനത്തിലേക്ക് വഴിതുറന്നില്ലെങ്കിൽ നിരാശജനകമായിരിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
വെടിനിർത്തൽ ധാരണ സംബന്ധിച്ച ചർച്ചകൾ ഇസ്രായേലി കാബിനറ്റിൽ കടുത്ത വാഗ്വാദത്തിന് വഴിവെച്ചുവെന്നാണ് റിപ്പോർട്ടുകൾ. 37 അംഗ മന്ത്രിസഭയിൽ തീവ്രവലതുപക്ഷ നിലപാടുള്ള ഒത്സ്മ യെഹൂദിത്ത് പാർട്ടിയുടെ മൂന്ന് മന്ത്രിമാർ ഒഴികെ എല്ലാവരും ഒടുവിൽ ധാരണയെ അനുകൂലിക്കുകയായിരുന്നു.
നെതന്യാഹുവിന്റെ മുന്നണി സഖ്യത്തിലെ ഏറ്റവും തീവ്രനിലപാടുകാരനായ ഇത്മർ ബെൻ ഗ്വിറിന്റെ പാർട്ടിയാണ് ഒത്സ്മ യഹൂദിത്ത്. ദേശീയ സുരക്ഷാവകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. ഫലസ്തീനികൾക്കെതിരെ വിദ്വേഷ പ്രസ്താവന പതിവാക്കിയ ബെൻഗ്വിർ വെടിനിർത്തൽ കരാർ പിഴച്ച നീക്കമാണെന്ന് കുറ്റപ്പെടുത്തി.
ഹമാസിന്റെ താളത്തിനൊത്ത് ഇസ്രായേൽ തുള്ളുകയാണെന്നും പരിഹസിച്ചു. ഗസ്സയിൽ ആണവായുധം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട അമിഹായ് എലിയാഹുവും ഇദ്ദേഹത്തിന്റെ പാർട്ടിയിലെ അംഗമാണ്.
വെടിനിർത്തലിനൊപ്പം ഡ്രോണുകളുടെ ആകാശനിരീക്ഷണം നിർത്തിവെക്കണമെന്ന ഹമാസിന്റെ ആവശ്യം അംഗീകരിച്ചതിൽ ഇസ്രായേലിൽ പ്രതിഷേധമുണ്ട്.
ഹമാസ് നേതാവ് യഹ്യ സിൻവാർ ഒരുക്കിയ ‘തേൻകെണി’യാണ് വെടിനിർത്തൽ കരാറെന്ന് പ്രമുഖ ഇസ്രായേൽ മാധ്യമമായ ജറൂസലം പോസ്റ്റ് പറയുന്നു. യഹ്യ സിൻവർ, സഹോദരൻ മുഹമ്മദ് സിൻവർ, ഹമാസ് സായുധ വിഭാഗം തലവൻ മുഹമ്മദ് ദീഫ് ഉൾപ്പെടെയുള്ളവരെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ ഗസ്സക്കെതിരെ നടപടി തുടങ്ങിയത്.
അൽശിഫ ആശുപത്രിക്ക് താഴെയുള്ള ഹമാസിന്റെ ഭൂഗർഭ ഹെഡ്ക്വാർട്ടേഴ്സിൽ യഹ്യ സിൻവർ ഉണ്ടാകുമെന്നാണ് അനൗദ്യോഗികമായി ഇസ്രായേൽ വാദിച്ചിരുന്നത്. സിൻവർ ഈജിപ്തിലേക്ക് കടന്നിരിക്കാനും സാധ്യതയുണ്ടെന്ന് ഇപ്പോൾ ഇസ്രായേൽ കണക്കുകൂട്ടുന്നതായി റിപ്പോർട്ടുകളുണ്ട്. വെടിനിർത്തിയെങ്കിലും തങ്ങളുടെ വിരലുകൾ കാഞ്ചിയിൽ തന്നെയുണ്ടെന്നാണ് ഹമാസ് ഒടുവിൽ പ്രതികരിച്ചത്.
ഹമാസുമായുള്ള ധാരണ തങ്ങളും മാനിക്കുമെന്ന് ഹിസ്ബുല്ലയും വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും 13,000 സാധാരണക്കാരെ കൊന്നൊടുക്കിയെന്നല്ലാതെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും കൈവരിക്കാതെയാണ് ഇസ്രായേലിന്റെ യുദ്ധയന്ത്രം തൽക്കാലം അടങ്ങുന്നത്.
•മാനുഷിക പ്രതിസന്ധിയുടെ ദുരന്താവസ്ഥക്ക് അറുതിയുണ്ടാവും, സംഘർഷത്തിന് അയവുണ്ടാകാൻ സഹായിക്കും-ചൈന
•ഗസ്സയിൽ മാനുഷിക സഹായം എത്തിക്കാൻ ഈ വെടിനിർത്തൽ ഇടവേള ഉപയോഗിക്കാൻ യൂറോപ്യൻ കമീഷൻ പരമാവധി യത്നിക്കും- യൂറോപ്യൻ കമീഷൻ പ്രസിഡന്റ്, വോൻ ഡെർ ലെയൻ
•ഖത്തറിനും യു.എസിനുമൊപ്പം മധ്യസ്ഥതയിൽ പങ്കെടുത്തതിൽ സംതൃപ്തിയുണ്ട്. ബന്ദികൾക്കു പകരമായി ഇസ്രായേൽ ജയിലിൽ കഴിയുന്നവരെ വിട്ടയക്കുന്നതിനെ സ്വാഗതം ചെയ്യുന്നു -അബ്ദുൽ ഫത്താഹ് അൽസീസി
•വിട്ടയക്കപ്പെടുന്ന ബന്ദികളുടെ ആദ്യ സംഘത്തിൽ ഫ്രഞ്ച് പൗരന്മാരുമുണ്ടാകുമെന്നതിൽ ഏറെ സന്തോഷമുണ്ട് -ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ.
•ആഴ്ചകളോളമുള്ള മഹാ അതിക്രമങ്ങൾക്കു ശേഷമുണ്ടായിരിക്കുന്ന ഒത്തുതീർപ്പിൽ സന്തോഷമുണ്ട്. ബന്ദിയാക്കിയതും ജീവൻരക്ഷാ സഹായങ്ങൾ വിലക്കിയതും യുദ്ധക്കുറ്റങ്ങളാണ്. ഇതൊന്നും ഒരിക്കലും ന്യായീകരിക്കാനാവില്ല. പരസ്പരം വിലപേശാനുള്ള ചിപ്പല്ല മനുഷ്യജീവനുകൾ. വെടിനിർത്തലാണെങ്കിലും അല്ലെങ്കിലും, നിയമപരമല്ലാത്ത ആക്രമണങ്ങൾ എന്നത്തേക്കുമായി അവസാനിപ്പിക്കണം-ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇസ്രായേൽ ആൻഡ് ഫലസ്തീൻ ഡയറക്ടർ ഉമർ ശാക്കിർ
•ഇസ്രായേലും ഹമാസും തമ്മിലുണ്ടായിരിക്കുന്ന ഒത്തുതീർപ്പിന്റെ വെളിച്ചത്തിൽ മേഖലയിൽ ഒരു പര്യടനത്തിനൊരുങ്ങുകയാണ്. ഗസ്സക്കുമേലുള്ള സിയോണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് അന്ത്യം കുറിക്കുകയും ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുകയുമാണ് പര്യടനത്തിന്റെ ലക്ഷ്യം -ഇറാൻ വിദേശ മന്ത്രി അമീറബ്ദുല്ലാഹിയാൻ
•മുഴുവൻ ബന്ദികളെയും വീടുകളിൽ തിരിച്ചെത്തിക്കാൻ ഇസ്രായേൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കാനും ഹമാസിനെ തുടച്ചുനീക്കാനും ഗസ്സയിൽനിന്ന് ഇസ്രായേൽ രാഷ്ട്രത്തിന് പുതിയ ഭീഷണിയുണ്ടാകില്ലെന്ന് ഉറപ്പാക്കാനും യുദ്ധം തുടരും -ഇസ്രായേൽ
•ഇപ്പോഴത്തെ ഒത്തുതീർപ്പ് ചർച്ചക്കപ്പുറം ഗസ്സക്ക് കൂടുതൽ വിശാലമായ പദ്ധതി ആവശ്യമാണ്. കാരണം ഗസ്സ വംശീയ ഉന്മൂലന ഭീഷണിയിലാണ്. അനിവാര്യ മാനുഷിക സഹായം എത്തിക്കുന്നതിൽ ഇനിയും ഭീമമായ അഭാവമുണ്ട്. ജനങ്ങളെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിച്ചുകൊണ്ടായിരിക്കണം, അല്ലാതെ കുടിയിറക്കിക്കൊണ്ടായിരിക്കരുത് ഒത്തുതീർപ്പ് ചർച്ചകൾ -ജോർഡൻ വിദേശ മന്ത്രി അയ്മ സഫാദി.
•പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഫലസ്തീൻ നേതൃത്വവും വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നു. ഇത് യഥാർഥ്യമാകാൻ യത്നിച്ച ഈജിപ്തിന്റെയും ഖത്തറിന്റെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നു -ഫലസ്തീൻ അതോറിറ്റി
•ഏറെക്കാലത്തിനു ശേഷമുള്ള സന്തോഷവാർത്ത. വെടിനിർത്തലിനും മാനുഷിക ഇടവേളക്കും വേണ്ടി റഷ്യയും മറ്റു ലോകരാജ്യങ്ങളും ആവശ്യപ്പെട്ടുവരുകയായിരുന്നു -റഷ്യ
•ഗസ്സയിൽ പരിക്കേറ്റവർക്ക് സഹായമേകാൻ ഈജിപ്തിലേക്ക് പോകാനൊരുങ്ങുകയാണ്. ഗസ്സക്കുവേണ്ടി ഇസ്ലാമിക ലോകം ഐക്യത്തിലും ഒരുമയിലും പ്രവർത്തിക്കണം. ആ ശക്തിയോടെ മുഷ്ടി മേശയിൽ ആഞ്ഞിടിച്ചാൽ ഇസ്രായേലിന് അധിനിവേശവും അടിച്ചമർത്തലും തുടരുക സാധ്യമല്ല -തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ
•ബന്ദികളുടെ കുടുംബങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതിലും ഗസ്സയിലെ മാനുഷിക ദുരന്തത്തിന് അറുതിയുണ്ടാക്കുന്നതിലും നിർണായക ചുവടുവെപ്പ് -ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് കാമറൂൺ.
•ഒത്തുതീർപ്പ് കരാറിനെ സ്വാഗതം ചെയ്യുന്നു. ചർച്ചകൾക്ക് മധ്യസ്ഥം വഹിച്ച ഖത്തറിനും ഈജിപ്തിനും നന്ദി പറയുന്നു. ബന്ദികളാക്കപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും ഞങ്ങൾ ഹൃദയത്തോടു ചേർത്തുപിടിച്ചിരിക്കുകയായിരുന്നു. ആഴ്ചകളുടെ ദുരതത്തിനുശേഷം അവർ കുടുംബത്തിലേക്കു തിരിച്ചെത്തുന്നത് സന്തോഷമുണ്ടാക്കുന്നു -യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
•ഇസ്രായേലും ഹമാസും തമ്മിലെ സംഘർഷം യുദ്ധമെന നിലവിട്ട് ഭീകരതയിലേക്ക് വഴിമാറി. ഇരുവിഭാഗവും സഹിക്കുന്നത് നേരിട്ട് കേൾക്കാനായി-തന്നെ സന്ദർശിച്ച, ബന്ദികളുടെ ബന്ധുക്കളുമായും ഗസ്സയിൽ ബന്ധുക്കളുള്ള ഫലസ്തീനികളുമായും സംസാരിച്ച ശേഷം ഫ്രാൻസിസ് മാർപാപ്പ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.