ലാഹോർ: അറ്റോക്ക് ജില്ലാ ജയിലിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ അദ്ദേഹം സംതൃപ്തനെന്ന് റിപ്പോർട്ട്. ഖാന്റെ ക്ഷേമത്തിലും സുരക്ഷയിലും ഭാര്യയും പാർട്ടിയും ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയത്. അറ്റോക്ക് ജയിലിൽ വെച്ച് ഭർത്താവിനെ വിഷം കൊടുത്തു കൊല്ലാൻ സാധ്യതയുണ്ടെന്നു ആരോപിച്ച് ഭാര്യ ബുഷ്റബീവി പഞ്ചാബ് ആഭ്യന്തരസെക്രട്ടറിക്ക് നേരത്തേ കത്തയച്ചിരുന്നു.
തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് മൂന്ന് വർഷം തടവ് അനുഭവിക്കുന്ന ഖാനെ ഞായറാഴ്ച പഞ്ചാബ് ജയിൽ ഐ.ജി മിയാൻ ഫാറൂഖ് നസീർ സന്ദർശിച്ചു. ജയിൽ നിയമപ്രകാരം ഖാന് കിടക്ക, തലയിണ, മെത്ത, കസേര, എയർ കൂളർ എന്നിവ നൽകിയിട്ടുണ്ടെന്ന് ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. ഐ.ജി സന്ദർശിച്ചപ്പോൾ ജയിലിൽ തനിക്ക് ഒരുക്കിയ സൗകര്യങ്ങളിൽ ഖാൻ സംതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മുൻ പ്രധാനമന്ത്രിക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി അഞ്ച് ഡോക്ടർമാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ജയിൽ അധികൃതരുടെ അനുമതിയോടെ ഇമ്രാൻ ഖാന് പ്രത്യേക ഭക്ഷണവും നൽകുന്നുണ്ട്. തന്റെ ഭർത്താവിന്റെ ആരോഗ്യനില വഷളാകുന്നത് അദ്ദേഹത്തിന്റെ ജീവന് ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ബുഷ്‌റ ബീവി വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഭർത്താവിനെ ഒരു ന്യായീകരണവുമില്ലാതെ അറ്റാക്ക് ജയിലിൽ അടച്ചിരിക്കുന്നുവെന്നും നിയമമനുസരിച്ച് അദ്ദേഹത്തെ അദിയാല ജയിലിലേക്ക് മാറ്റണമെന്നും ഭാര്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഖാന്റെ സാമൂഹികവും രാഷ്ട്രീയവുമായ പദവി കണക്കിലെടുത്ത് ജയിലിൽ ബി. ക്ലാസ് സൗകര്യങ്ങൾ ഒരുക്കണമെന്നും അവർ പറഞ്ഞു. തോഷഖാന അഴിമതി കേസിൽ ഇസ്ലാമാബാദ് വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ലാഹോറിലെ വീട്ടിൽ നിന്ന് ഖാൻ അറസ്റ്റിലാവുകയും ഓഗസ്റ്റ് അഞ്ചു മുതൽ തടവിലാവുകയും ചെയ്തു. 2018-2022 കാലയളവിൽ അദ്ദേഹം സമ്മാനങ്ങൾ നിയമവിരുദ്ധമായി വിറ്റെന്ന കുറ്റത്തിനാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.