പാകിസ്താനിൽ പുതിയ സർക്കാർ രൂപവത്കരണം: 10 സ്വതന്ത്രർ നവാസ് ശരീഫിന് പിന്തുണ പ്രഖ്യാപിച്ചു

ഇസ്‍ലാമാബാദ്: പാകിസ്താനിൽ പുതിയ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ പരസ്പരം ചർച്ചകൾ തുടരുന്നു. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും നിലപാടുകൾ നിർണായകമാണ്. അതിനിടെ സ്വതന്ത്രരായി വിജയിച്ച 10 സ്ഥാനാർഥികൾ നവാസ് ശരീഫിന് പിന്തുണ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന മന്ത്രി പദം രണ്ടു വർഷം വീതം നവാസ് ശരീഫ്, ബിലാവൽ ഭൂട്ടോ വിഭാഗങ്ങൾ പങ്കിട്ടെടുക്കാനുള്ള നിർദേശവും ഉരുത്തിരിഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ട 133 സീറ്റ് ഒരു കക്ഷിക്കും ലഭിച്ചിട്ടില്ല.

അതിനിടെ, തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പിന്തുണക്കുന്ന പാകിസ്താൻ തെഹ്‌രീകെ-ഇ-ഇൻസാഫ് (പി.ടി.ഐ) ന്റെ തൊഴിലാളികളും അനുഭാവികളും രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. പാകിസ്താനിലെ ക്വറ്റയുടെ പ്രാന്തപ്രദേശത്തുള്ള ബലേലിയിൽ പി.ടി.ഐ അനുഭാവികൾ റോഡ് ഉപരോധിച്ചു. ഞായറാഴ്ച വരെ പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഫലം അനുസരിച്ച്, മൊത്തം 266 ദേശീയ അസംബ്ലി സീറ്റുകളിൽ ഇമ്രാൻ ഖാന്റെ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രർ 101 സീറ്റുകൾ നേടിയിട്ടുണ്ട്. നവാസ് ശരീഫിന്റെ പി.എം.എൽ-എൻ 75, ബിലാവൽ ഭൂ​ട്ടോ ചെയർമാനായ പി.പി.പി 54, എം.ക്യു.എം 17, മറ്റുള്ളവർ 19 എന്നിങ്ങനെയാണ് കക്ഷി നില.


Tags:    
News Summary - New government formation in Pakistan: 10 independents declare support for Nawaz Sharif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.