കോവിഡിനെതിരായ പോരാട്ടത്തിൽ പുതിയ നാഴികക്കല്ല്​​; പരിശോധന ഫലം ഇനി മിനിറ്റുകൾക്കുള്ളിൽ

ജനീവ: മിനിറ്റുകൾക്കുള്ളിൽ കോവിഡ്​ -19 പരിശോധന ഫലം ലഭിക്കുന്ന സംവിധാനം വികസ്വര-അവികസിത രാജ്യങ്ങൾക്ക്​ ഏറെ സഹായകരമാവുമെന്ന്​ ലോകാരോഗ്യ സംഘടന. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക്​ ഏറെ പ്രതീക്ഷ നൽകുന്നതാണ്​ ഡബ്ല്യു.എച്ച്​.ഒയുടെ പുതിയ നടപടി.

ആരോഗ്യ പ്രവർത്തകരും ലബോറട്ടറികളും കുറവുള്ള രാജ്യങ്ങളിൽ കോവിഡ് പരിശോധന അഞ്ച്​ ഡോളർ ചെലവിൽ നടത്താനാകുമെന്നതാണ്​ ഇതിൻെറ പ്രത്യേകത. മരുന്ന്​ നിർമാതാക്കളായ അബോട്ടും എസ്.ഡി ബയോസെൻസറും ചാരിറ്റബിൾ ബിൽ, മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച് ആറ്​ മാസത്തിനുള്ളിൽ 120 ദശലക്ഷം പരിശോധനകൾ നടത്താൻ കരാറായിട്ടുണ്ട്​.

കോവിഡിനെതിരായ പോരാട്ടത്തിൽ ഇത്​ നാഴികക്കല്ലായാണ്​ ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്​. പുതിയതും ഉപയോഗിക്കാൻ സൗകര്യപ്രദവുമായ പരിശോധന സംവിധാനം വഴി 15-30 മിനിറ്റുകൾക്കുള്ളിൽ ഫലം ലഭിക്കുമെന്ന്​ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ ഫലത്തിനായി മണിക്കൂറുകളും ദിവസങ്ങളും കാത്തിരിക്കണമായിരുന്നു. ​​ലാറ്റിൻ അമേരിക്കയിലേത്​ ഉൾപ്പെടെ 133 രാജ്യങ്ങളിലായിരിക്കും 120 ദശലക്ഷം പരിശോധനകൾക്ക്​ സംവിധാനമൊരുക്കുക. ഈ രാജ്യങ്ങൾ മഹാമാരി ഏറെ ദുരിതം വിതച്ചവയാണ്​. ഇവിടങ്ങളിൽ രോഗവ്യാപനവും മരണനിരക്കും ഉയർന്നതോതിലാണ്​. പ്രത്യേകിച്ചും ലബോറട്ടറി സൗകര്യങ്ങളും ആരോഗ്യ പ്രവർത്തകരും കുറഞ്ഞയിടങ്ങളിൽ കൂടുതൽ പര​ിശോധനകൾ വരുന്നതോടെ രോഗവ്യാപനം കുറക്കാൻ സാധിക്കും -ഡബ്ല്യു.എച്ച്​.ഒ മേധാവി കൂട്ടിച്ചേർത്തു.

പരിശോധനക്കും ഫലം ലഭിക്കുന്നതിലും വരുന്ന കാലതാമസം പല രാജ്യങ്ങളിലും കോവിഡിൻെറ അനിയന്ത്രിത വ്യാപനത്തിന ്​കാരണമായതായതാണ്​ വിലയിരുത്തൽ. ഇന്ത്യയും മെക്സിക്കോയുമടക്കമുള്ള രാജ്യങ്ങളിൽ പരിശോധനകൾ​ കുറഞ്ഞതിനാൽ വൈറസിൻെറ വ്യാപനം മനസ്സിലാക്കാൻ സാധിച്ചില്ലെന്നും വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - New milestone in the fight against covid; Test results in minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.