കോവിഡിന്‍റെ പുതിയ വകഭേദം? യു.കെയിൽ കേസുകൾ ഉയരുന്നു; 45 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്

ലണ്ടൻ: യു.കെയിൽ കോവിഡിന്‍റെ പുതിയ വകഭേദം. ഒമിക്രോണിന്‍റെ വകഭേദമായ ഏരിസ് (ഇ.ജി 5.1) കഴിഞ്ഞ മാസമാണ് രാജ്യത്ത് കണ്ടെത്തിയത്. നിലവിൽ രാജ്യത്ത് ഏരിസ് അതിവേഗം വ്യാപിക്കുന്നതായി ഇംഗ്ലണ്ടിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റെസ്പിറേറ്ററി ഡാറ്റാമാർട്ട് സിസ്റ്റത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട 4396 സ്രവപരിശോധനകളിൽ 5.4 ശതമാനവും കോവിഡ് ആണെന്നാണ് റിപ്പോർട്ട്. മുൻപ് പുറത്തുവിട്ട റിപ്പോർട്ടിൽ ഇത് 3.7 ശതമാനമായിരുന്നു.

രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ ഏഴിൽ ഒന്നും എറിസ് വകഭേദമാണ്. മുൻപ് പുറത്തുവിട്ട റിപ്പോർട്ടിനേക്കാൾ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ വർധനവുണ്ടായതായും മന്ത്രാലയം അറിയിച്ചു.

അതേസമയം ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഇ.ജി 5 വിഭാഗവു ഉണ്ട്. എക്സ്.ബി.ബി.1.5, എക്സ്.ബി.ബി.1.16, ബി.എ.2.75, സി.എച്ച്.1.1, എക്സ്.ബി.ബി, എക്സ്.ബി.ബി1.9.1, എക്സ്.ബി.ബി 1.9.2, എക്സ്.ബി.ബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങൾ. ജലദോഷം, തലവേദന, പനി തുടങ്ങിയവാണ് ഇതിന്‍റെ ലക്ഷണങ്ങൾ. ഈ വകഭേദം നിലവിൽ 45 രാജ്യങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൈകൾ വൃത്തിയായി സൂക്ഷിക്കുക, ലക്ഷണങ്ങൾ ഉള്ളതായി തോന്നിയാൽ ഉടനടി ടെസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് രോഗത്തെ ചെറുക്കാനുള്ള പ്രതിവിധി.

അമേരിക്കയിലും കഴിഞ്ഞ ഡിസബറിന് ശേഷം കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളുടെ നിരക്കിൽ പത്ത് ശതമാനത്തോളം വർധനവുണ്ടായതായാണ് റിപ്പോർട്ട്.

Tags:    
News Summary - New strain of covid? Cases rising in UK; Reportedly found in 45 countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.