പന്നുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: നിഖിലിനെതിരായ തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് യു.എസ് കോടതി

വാഷിങ്ടൺ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ ഇന്ത്യക്കാരൻ നിഖിൽ ഗുപ്തക്കെതിരായ തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് യു.എസ് കോടതി. നിഖിൽ ഗുപ്തയുടെ അഭിഭാഷകൻ നൽകിയ ഹരജി പരിഗണിച്ചാണ് നിർദേശം.

ജനുവരി നാലിനാണ് പ്രതിഭാഗം ഇതുസംബന്ധിച്ച ഹരജി കോടതിയിൽ സമർപ്പിച്ചത്. നിഖിൽ ഗുപ്തക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ തെളിവുകൾ ഹാജരാക്കണമെന്ന് യു.എസ് ജില്ലാ ജഡ്ജി വിക്ടർ മരേരോ ഉത്തരവിട്ടു.

ഇന്ത്യൻ സർക്കാർ ജീവനക്കാരനായ നിഖിൽ ഗുപ്ത ഖലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയൊരുക്കിയെന്നാണ് ആരോപണം. ഇതുപ്രകാരം കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

ചെക്ക് റിപബ്ലിക്കിലായിരുന്ന ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്ത് യു.എസിന് കൈമാറുകയായിരുന്നു. കുറ്റവാളികളെ കൈമാറുന്നതിനായി ചെക്ക് റിപബ്ലിക്കും യു.എസും നിലവിലുള്ള കരാർ പ്രകാരമാണ് നടപടി. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Tags:    
News Summary - New York Court Asks For Proof Against Indian Man Facing Murder Plot Charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.