കാലാവസ്ഥ വാർത്ത അവതരിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വിഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്ത അമേരിക്കൻ ചാനൽ മാപ്പ് പറഞ്ഞ് തടിയൂരി. ഞായറാഴ്ചയാണ് വാഷിങ്ടണിലെ സ്പോക്കെയ്ൻ ആസ്ഥാനമായ ക്രെം -2 ചാനലിന് അബദ്ധം പിണഞ്ഞത്. വൈകീട്ട് ആറ് മണിക്കുള്ള ഷോയിൽ അവതാരകയുടെ പിറകിലുള്ള ടി.വി.യിൽ 13 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോ പ്രദർശിപ്പിക്കുകയായിരുന്നു.
കാലാവസ്ഥാ വിദഗ്ധൻ മിഷേൽ ബോസും അവതാരക കോഡി പ്രോക്ടറും ചേർന്ന് കാലാവസ്ഥാ വിവരങ്ങൾ നൽകുന്നതിനിടെയാണ് പശ്ചാത്തലത്തിൽ അശ്ലീല ക്ലിപ്പ് പ്ലേ ചെയ്തത്. അബദ്ധം ശ്രദ്ധയിൽപെട്ടതോടെ വീഡിയോ മാറ്റി റിപ്പോർട്ടിങ് തുടർന്നു.
പിന്നീട് രാത്രി 11 മണിയുടെ വാർത്താ പരിപാടിയിൽ ചാനൽ മാപ്പ് പറഞ്ഞു. "ക്രെം 2ൽ സംപ്രേഷണം ചെയ്ത ആറുമണിയുടെ വാർത്തയിൽ സംഭവിച്ച പിഴവിന് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. ഷോയുടെ ആദ്യ ഭാഗത്ത് ഒരു അനുചിതമായ വീഡിയോ പ്രദർശിപ്പിച്ചു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ജാഗ്രത പുലർത്തും".
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സ്‌പോക്കെയ്ൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് നിരവധി പേർ പൊലീസുമായി ബന്ധപ്പെട്ടുവെന്നും അന്വേഷണവുമായി ചാനൽ അധികൃതർ പൂർണമായും സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.