കാൻബറ: ആസ്ട്രേലിയയുടെ 31ാമത് പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് തിങ്കളാഴ്ച ചുമതലയേൽക്കും. അതേസമയം, അദ്ദേഹത്തിന്റെ പാർട്ടി സഖ്യകക്ഷികളുമായി സർക്കാർ രൂപവത്കരിക്കുന്നത് തീരുമാനമായില്ല. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അൽബനീസിന്റെ ലേബർ പാർട്ടിക്ക് 71ഉം സ്ഥാനമൊഴിയുന്ന സ്കോട്ട് മോറിസന്റെ ലിബറൽ സഖ്യത്തിന് 52ഉം സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 76 സീറ്റുകൾ വേണം.
121 വർഷത്തിനിടെ ആസ്ട്രേലിയയിൽ പ്രധാനമന്ത്രിസ്ഥാനത്തേക്കു മത്സരിക്കുന്ന ആംഗ്ലോ സെൽറ്റിക് നാമധാരിയല്ലാത്ത ആദ്യ സ്ഥാനാർഥിയെന്നാണ് അൽബനീസ് സ്വയം വിശേഷിപ്പിക്കുന്നത്. സിഡ്നിയിലെ സർക്കാർ കോളനിയിൽ ഐറിഷ് വംശജയായ അമ്മ മര്യാൻ എല്ലെരി തനിച്ചാണ് അൽബനീസിനെ വളർത്തിയത്. വികലാംഗ പെൻഷൻ മാത്രമായിരുന്നു അമ്മയുടെ വരുമാനം.
ഇറ്റലിക്കാരനായ പിതാവ് കാർലോ അൽബനീസ്, അപകടത്തിൽ മരിച്ചുവെന്ന കഥ കേട്ടാണ് വളർന്നത്. 14ാം വയസ്സിൽ പിതാവ് ജീവിച്ചിരിപ്പുണ്ടെന്ന കാര്യം അമ്മ മകനോട് വെളിപ്പെടുത്തി. മര്യാനും കാർലോയും വിവാഹിതരായിരുന്നില്ല. ക്രൂസ് കപ്പലിലെ ജീവനക്കാരനായിരുന്നു കാർലോ. അമ്മയുടെ മരണശേഷം അൽബനീസ് പിതാവിനെ തേടിയിറങ്ങി. 2009ൽ ദക്ഷിണ ഇറ്റലിയിലെ ബാർലെറ്റയിൽവെച്ച് അവർ ആദ്യമായി കണ്ടുമുട്ടി. അന്ന് ആസ്ട്രേലിയയുടെ ഗതാഗത മന്ത്രിയായിരുന്നു അൽബനീസ്. കുറച്ചു കാലം ഉപപ്രധാനമന്ത്രിയുമായി. ബുദ്ധിമുട്ടേറിയ സാഹചര്യമാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിച്ചതെന്നും തന്റെ ജീവിതം ആസ്ട്രേലിയൻ ജനതക്ക് പ്രചോദനമാകുമെന്നും അൽബനീസ് വിലയിരുത്തുന്നു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ച അദ്ദേഹം പുനരുപയോഗ ഊർജസ്രോതസ്സുകൾ ഉപയോഗിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.