വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ നൽകിയ ഹരജിയിൽ വിധി പയുന്നത് യെമനിലെ കോടതി ഒരാഴ്ചത്തേക്ക് നീട്ടിവെച്ചു. കേസ് 28നു വീണ്ടും പരിഗണിക്കും.
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയ(33) ക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഇവരിപ്പോൾ യമനിലെ സനയിലെ ജയിലിൽ കഴിയുകയാണ്. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണു നിമിഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
അതേസമയം, മരിച്ച തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും ഹരജി പരിഗണിച്ച കോടതിക്കു മുന്നിൽ പ്രതിഷേധവുമായി തടിച്ചു കൂടി. നിമിഷയുടെ വധശിക്ഷ നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.
യമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന നിമിഷപ്രിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണ കോടതി നിമിഷയ്ക്കു വധശിക്ഷ വിധിച്ചു. യമൻകാരിയായ സഹപ്രവർത്തക ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്.
തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും ഹനാനും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നാണ് കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ നിമിഷക്ക് തലാൽ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നത്രെ. എന്നാൽ, ഇദ്ദേഹം പിന്നീട് നിമിഷയുടെ പാസ്പോർട്ട് പിടിച്ചെടുക്കുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.