സൈനിക ശക്തിയിലൂടെ നിങ്ങൾക്ക് ബന്ദികളെ മോചിപ്പിക്കാനാവില്ല -ഇസ്രായേലിനോട് ഹമാസ്

ഗസ്സ: ചർച്ചകളിലൂടെയല്ലാതെ സൈനിക ശക്തി പ്രയോഗിച്ച് ബന്ദികളെ മോചിപ്പിക്കാൻ നിങ്ങൾക്കാവില്ലെന്ന് ഇസ്രായേലിനോട് ഹമാസ്. ഇസ്രായേൽ യുദ്ധമന്ത്രിസഭയെ അഭിസംബോധന ചെയ്ത് ഹമാസ് ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“ഇസ്രായേലികളോട് ഞങ്ങൾ പറയുന്നു: നെതന്യാഹുവിനും മന്ത്രി ഗാലൻറിനും യുദ്ധമന്ത്രിസഭക്കും ബന്ദികളെ ചർച്ചകളിലൂടെയല്ലാതെ തിരികെ കൊണ്ടുവരാൻ കഴിയില്ല. ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ ശ്രമിച്ച ബന്ദി കൊല്ലപ്പെട്ടത് ഇതിന്റെ തെളിവാണ്’ -അബൂ ഉബൈദ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹമാസ് ബന്ദികളാക്കിയവരെ തെരഞ്ഞു കണ്ടുപിടിക്കാനായി നിയോഗിക്കപ്പെട്ട ഇസ്രായേൽ സൈനിക യൂണിറ്റിന്റെ തലവൻ യുഹ യെഗോർ ഹിർഷ്ബർഗ് (52) കൊല്ലപ്പെട്ടത് സൂചിപ്പിച്ചായിരുന്നു അബൂഉബൈദയുടെ പരാമർശം. ഹിർഷ്ബർഗിനെ പിടികൂടി ബന്ദികളുടെ അടുത്ത് എത്തിക്കാനായിരുന്നു അൽ ഖസ്സാം ബ്രിഗേഡിന്റെ ശ്രമമെന്നും എന്നാൽ സൈനിക ഓപ്പറേഷൻ സമയത്തെ സാഹചര്യം കഠിനമായതിനാൽ കൊലപ്പെടുത്തേണ്ടി വന്നു എന്നുമാണ് ഖസ്സാം ബ്രിഗേഡ് അറിയിച്ചത്.

വെടിനിർത്തൽ പുനരാരംഭിച്ച 10 ദിവസത്തിനുള്ളിൽ ബെയ്ത് ഹനൂൻ മുതൽ ഖാൻ യൂനിസ് വരെ 180ലധികം ഇസ്രായേൽ സൈനിക കവചിതവാഹനങ്ങളും ടാങ്കുകളും ബുൾഡോസറുകളും ഭാഗികമായോ പൂർണ്ണമായോ നശിപ്പിച്ചതായും അബൂ ഉബൈദ പറഞ്ഞു.

‘ഇസ്രായേൽ ആക്രമണത്തിനെതിരെ ഞങ്ങൾ പ്രതിരോധം തീർക്കുന്നത് തുടരുകയാണ്. തങ്ങളുടെ പോരാളികൾ ഇസ്രായേൽ സൈനികരെ വളരെ അടുത്ത് നിന്ന് നേരിട്ട് ആക്രമിക്കുന്നുണ്ട്. ഇത് ശത്രുനിരയിൽ ധാരാളം ആൾനാശവും പരിക്കും സൃഷ്ടിച്ചു. അഷ്‌കെലോണും അഷ്‌ദോദും ഉൾപ്പെടെ നിരവധി ഇസ്രായേലി നഗരങ്ങളെ ഖസ്സാം ബ്രിഗേഡുകൾ ആക്രമിച്ചു. എന്നാൽ, സിവിലിയന്മാർക്കും കെട്ടിടങ്ങൾക്കും നേരെയുള്ള ആക്രമണമാണ് വിജയമായി ശത്രുക്കൾ ഉയർത്തിക്കാട്ടുന്നത്. ഹമാസിനെ തകർക്കാൻ എന്ന ഇസ്രയേൽ വാദം കണ്ണിൽപൊടിയിടാനുള്ളതാണ്. അറബ്, ഇസ്‌ലാമിക ലോകം ഇതിനെതിരെ കാഴ്ചക്കാരായി നിൽക്കാതെ പ്രതിഷേധിക്കണം. ആയിരക്കണക്കിന് പോരാളികൾ ഇപ്പോഴും ഉറച്ചുനിൽക്കുകയും പോരാടാനുള്ള അവസരത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു’ -അബൂ ഉബൈദ പറഞ്ഞു.

അതേസമയം, ഒക്‌ടോബർ 7ന് ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ഹമാസിന്റെ പ്രത്യാക്രമണത്തിൽ തങ്ങളു​ടെ 5,000ലേറെ സൈനികർക്ക് പരിക്കേറ്റതായും 2,000ലേറെ പേർ പൂർണ വികലാംഗരായതായും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. 58% ത്തിലധികം പേർക്ക് ഗുരുതര പരിക്കേറ്റതായും ഇവർക്ക് കൈകാലുകൾക്ക് ഗുരുതരമായ ക്ഷതമേൽക്കുകയോ ഛേദിക്കപ്പെടുകയോ ചെയ്തതായും ഇസ്രായേലി പത്രമായ യെദിയോത് അഹ്‌റോനോത് (yediot ahronot) ശനിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

“ഇസ്രായേലിലെ ആശുപത്രികളിൽ അയ്യായിരത്തിലധികം പരിക്കേറ്റ സൈനികരെ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടായിരത്തിലധികം പേരെ വികലാംഗരായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ചു. ഇതുപോലൊരു അനുഭവം മുൻപൊരിക്കലും ഞങ്ങൾക്കുണ്ടായിട്ടില്ല. മുറിവേറ്റവരിൽ 58% ത്തിലധികം പേർക്കും കൈകാലുകൾക്ക് ഗുരുതര പരിക്കുണ്ട്. പലരുടെയും ഛേദിക്കപ്പെട്ടു” -ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പുനരധിവാസ വകുപ്പ് മേധാവിയും ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ ലിമോർ ലൂറിയയെ ഉദ്ധരിച്ച് യെദിയോത് അഹ്‌റോനോത് റിപ്പോർട്ട് ചെയ്തു.

"പരിക്കേറ്റവരിൽ ഏകദേശം 12 ശതമാനം പേർക്കും പ്ലീഹ, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഏകദേശം 7 ശതമാന​ം പേർ മാനസിക ക്ലേശം അനുഭവിക്കുന്നു. ഇത്തരക്കാരു​ടെ എണ്ണം കുത്തനെ ഉയരുമെന്നാണ് കണക്കാക്കുന്നത്’ - ലിമോർ ലൂറിയ വ്യക്തമാക്കി.


Tags:    
News Summary - No captives will be released without negotiations: Hamas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.