സ്റ്റോക്ഹോം: പ്രശസ്തയായ സ്വീഡിഷ് കൗമാര കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബർഗ് ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് ട്വീറ്റിട്ടതോടെ സമരത്തിന് ആഗോള ശ്രദ്ധ കൈവന്നിരുന്നു. എന്നാൽ, ഇന്ത്യയിൽ നിന്ന് ഗ്രെറ്റയ്ക്ക് ലഭിച്ചത് അത്ര സുഖകരമല്ലാത്ത മറുപടിയായിരുന്നു. ഡൽഹി പൊലീസ് 'ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ശത്രുത വളർത്തുന്നുവെന്നും' ആരോപിച്ച് അവൾക്കെതിരെ കേസെടുത്തിരുന്നു. അതോടൊപ്പം കേന്ദ്ര സർക്കാർ, ഇന്ത്യയിലെ കായിക-കലാ രംഗത്തുള്ള സെലിബ്രിറ്റികളെ ഉപയോഗിച്ച് അതിനെ 'പ്രൊപ്പഗണ്ടയും' 'ആഭ്യന്തര കാര്യവുമാക്കി' സോഷ്യൽ മീഡിയയിലൂടെ പ്രതിരോധിക്കുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ ഗ്രെറ്റയുടെ രാജ്യമായ സ്വീഡെൻറ പ്രതികരണമറിയാൻ അന്താരാഷ്ട്ര മാധ്യമമായ WION ഒരു ശ്രമം നടത്തി. ഇന്ത്യയിലെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗ്രെറ്റയിട്ട ട്വീറ്റിനെ കുറിച്ച് പ്രതികരണമറിയാനായി അവർ സമീപിച്ചത് സ്വീഡെൻറ വിദേശകാര്യ മന്ത്രാലയത്തെയായിരുന്നു. എന്നാൽ, 'ആ വിഷയത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു' മന്ത്രാലയത്തിെൻറ മറുപടി.
ഒരു പൗരയെന്ന നിലക്ക് ഗ്രെറ്റയുടെ അഭിപ്രായങ്ങളും ട്വീറ്റുകളും വിദേശ നയത്തെ ബാധിക്കില്ല. പക്ഷെ, ഇൻഫ്ലുവൻസർ എന്ന നിലയിൽ അവർക്ക് പല കാര്യങ്ങളിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. ആര് മറന്നാലും വൈറ്റ് ഹൗസിൽ നിന്നും പുറത്തുപോകേണ്ടിവന്ന ഡോണൾഡ് ട്രംപ് ഒരിക്കലും ഗ്രെറ്റയെ മറക്കില്ല.
ഇന്ത്യ-സ്വീഡൻ ബന്ധത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇരു രാജ്യങ്ങളും ഇതുവരെ ഏറ്റവും നല്ല ബന്ധമാണ് പുലർത്തുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ൽ സ്വീഡൻ സന്ദർശിച്ചിരുന്നു. അതോടെ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ രാജ്യം സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറുകയും ചെയ്തു. ആ സന്ദർശന വേളയിൽ, ആദ്യത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് സ്റ്റോക്ക്ഹോം ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.