മിൻസ്ക്: നൊബേൽ പുരസ്കാര ജേതാവായ ബെലറൂസിയൻ മനുഷ്യാവകാശ പ്രവർത്തകൻ അലിസ് ബിയാലിയാട്സ്കിക്ക് (60) കോടതി പത്തുവർഷം തടവുശിക്ഷ വിധിച്ചു. അദ്ദേഹം സ്ഥാപിച്ച വിയാസ്ന മനുഷ്യാവകാശ കേന്ദ്രത്തിലെ മൂന്ന് ഉന്നതർക്കും സമാന ശിക്ഷ വിധിച്ചിട്ടുണ്ട്. സമരങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി, കള്ളപ്പണ ഇടപാട് നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ.
അലക്സാണ്ടർ ലുകാഷെങ്കോ ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരിൽ 2021ലാണ് ഇവർ അറസ്റ്റിലായത്. രാഷ്ട്രീയ തടവുകാർക്ക് സാമ്പത്തിക, നിയമ സഹായം നൽകിയെന്നായിരുന്നു ആരോപണം. മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ ശിക്ഷ അനീതിയാണെന്നും അവരുടെ മോചനത്തിനായി പോരാടണമെന്നും പ്രതിപക്ഷ നേതാവ് സ്വിയാറ്റ്ലാന സിഖാനോസ്ക്യ പറഞ്ഞു.
ബെലാറൂസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന ബിയാലിയാട്സ്കിക്ക് മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് 2022ലെ നൊബേൽ സമ്മാനം ലഭിച്ചത്. പൗരാവകാശങ്ങൾക്കായുള്ള പ്രവർത്തനം എത്ര അപകടകരമാണെന്ന് അലിസിന്റെ അറസ്റ്റും തടവുശിക്ഷയും ബോധ്യപ്പെടുത്തുന്നുണ്ടെന്നും ആയിരങ്ങളാണ് ശബ്ദിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്നതെന്നും ബിയാലിയാട്സ്കിയുടെ പത്നി നതാലിയ പിൻചുക് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.