കോപൻഹേഗൻ: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ചും അതിന്റെ ആഗോള പ്രത്യാഘാതങ്ങളെക്കുറിച്ചും ചർച്ചചെയ്ത് ഇന്ത്യ-നോർഡിക് ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിൻലൻഡ്, ഐസ്ലൻഡ്, സ്വീഡൻ, നോർവേ, ഡെൻമാർക്ക് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും പങ്കെടുത്ത രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലാണ് യുക്രെയ്ൻ-റഷ്യ യുദ്ധം പ്രത്യേകം ചർച്ചയായത്.യുക്രെയ്നിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രിമാർ ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു.
റഷ്യൻ സേനയുടെ നിയമവിരുദ്ധ ആക്രമണത്തെ നോർഡിക് പ്രധാനമന്ത്രിമാർ ശക്തമായി അപലപിച്ചതായും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ കൗൺസിൽ ഉൾപ്പെടെ യു.എന്നിന്റെ പരിഷ്കരണത്തിനായി പ്രവർത്തിക്കുക, ലോക വ്യാപാര സംഘടന പരിഷ്കരണം, മഹാമാരിയെ പ്രതിരോധിക്കാനുള്ള തയാറെടുപ്പ് ഉൾപ്പെടെ ആഗോള ആരോഗ്യകാര്യങ്ങളിൽ സഹകരണം ശക്തിപ്പെടുത്തൽ എന്നിവയിൽ പിന്തുണയും നോർഡിക് രാജ്യങ്ങൾ ഉറപ്പുനൽകി. യു.എന്നിന്റെ സുരക്ഷ കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള പിന്തുണ നോർഡിക് രാജ്യങ്ങൾ ആവർത്തിച്ചതായും പ്രസ്താവനയിൽ പറയുന്നു.
പകർച്ചവ്യാധിക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊർജം എന്നിവയിലെ സഹകരണത്തിൽ ഊന്നൽ നൽകിയായിരുന്നു ഉച്ചകോടി. ഈ മേഖലകളുമായുള്ള ബന്ധം വർധിപ്പിക്കുന്നതിൽ രാജ്യം കൂടുതൽ മുന്നോട്ടു പോകുമെന്നും ആഗോള അഭിവൃദ്ധിയും സുസ്ഥിര വികസനവും കൈവരിക്കുന്നതിൽ ഇന്ത്യ അതിന്റേതായ സംഭാവന നൽകുമെന്നും -മോദി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.