പ്യോങ്യാങ്: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. 2017ന് ശേഷം ഇതാദ്യമായാണ് ഇത്രയും പ്രഹരശേഷിയുള്ള മിസൈൽ ഉത്തരകൊറിയ പരീക്ഷിക്കുന്നത്. ഞായറാഴ്ചയാണ് കൊറിയ പരീക്ഷണം നടത്തിയത്. ആയുധ പരീക്ഷണങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയയുടെ പുതിയ നടപടിയെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് പറഞ്ഞു. വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ സൂചന കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരകൊറിയ പരീക്ഷിച്ച ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ 2000 കിലോ മീറ്റർ ഉയരത്തിലും 800 കിലോ മീറ്റർ ദൂരത്തിലും സഞ്ചരിച്ചുവെന്ന് ജപ്പാൻ അറിയിച്ചു. പിന്നീട് കൊറിയയുടെ കിഴക്കൻ ഭാഗത്തെ കടലിൽ പതിക്കുകയായിരുന്നു. യു.എസിനെ വരെ ലക്ഷ്യവെക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്നാണ് സൂചന. 2022ൽ ഇത് ആറാം തവണയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്. 2022 തുടങ്ങിയതിന് ശേഷം അതിവേഗത്തിലാണ് കൊറിയ പുതിയ ആയുധ പരീക്ഷണങ്ങൾ നടത്തുന്നത്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട മൊറട്ടോറിയം ലംഘിക്കാനുള്ള നീക്കങ്ങൾക്കാണ് ഉത്തരകൊറിയ തുടക്കമിട്ടിരിക്കുന്നതെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ പറഞ്ഞു. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡന്റ് അടിയന്തര സുരക്ഷ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്.
അതിനിടെ, ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അപലപിച്ച് യു.എസ് രംഗത്തെത്തി. ഇത്തരം പ്രവർത്തനങ്ങളെ അപലപിക്കുകയാണെന്നും മേഖലയെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും യു.എസ് സൈന്യത്തിന്റെ ഇന്തോ പസഫിക് കമാൻഡ് സെന്റർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.