പോങ്യാങ്: ഉത്തരകൊറിയയിലെ പൗരൻമാരെ പത്തുദിവസത്തേക്ക് ചിരിക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഇല്ലിന്‍റെ ചരമവാർഷികത്തോട് അനുബന്ധിച്ചാണ് വിചിത്ര വിലക്ക്.
ഡിസംബർ 17നാണ് ഇല്ലിന്‍റെ പത്താം ചരമവാർഷികം. ചരമവാർഷികത്തോട് അനുബന്ധിച്ച് ചിരി മാത്രമല്ല, നിരവധി നിയന്ത്രണങ്ങളും ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യത്തിന്‍റെ ഉപയോഗം, ചിരി, വിനോദങ്ങളിൽ ഏർപ്പെടുന്നതിന് വിലക്ക് എന്നിവ നിലനിൽക്കുന്നുണ്ടെന്ന് അതിർത്തി നഗരമായ സിനിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. ഡിസംബർ 17ന് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും വിലക്കുണ്ട്.
വിലക്ക് ലംഘിച്ചാൽ കർശന നടപടികളും പൗരൻമാർക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. മുൻകാലങ്ങളിലെ വിലാപ വേളകളിൽ വിലക്ക് ലംഘിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുപോയവരെ പിന്നെ കണ്ടിട്ടില്ല -പേര് വെളിപ്പെടുത്താത്ത പൗരൻ പറയുന്നു.
ദുഃഖാചരണ സമയത്ത് മരണാന്തര ചടങ്ങുകൾ സംഘടിപ്പിക്കാനും ജന്മദിനം ആഘോഷിക്കാനും അനുവാദമില്ല. എന്നാൽ, പൗരൻമാർക്ക് ഏർപ്പെടുത്തിയ വിലക്ക് സംബന്ധിച്ച് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ല. കിം ജോങ് ഇല്ലിന്‍റെ മരണശേഷമാണ് കിം ജോങ് ഉൻ ഉത്തരകൊറിയയിൽ അധികാരത്തിലെത്തുന്നത്.
നേരത്തെ ഭരണാധികാരി കിം ജോങ് ഉൻ രാജ്യത്തെ പൗരന്മാരോട് തീറ്റ കുറക്കാനാവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 2025 വരെ രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നും അത് പരിഹരിക്കാൻ അടുത്ത നാല് വർഷത്തേക്ക് തീറ്റ കുറക്കണമെന്നുമായിരുന്നു അറിയിപ്പ്. 2025ന് മുമ്പായി അതിർത്തി തുറക്കാനുള്ള സാധ്യത വിരളമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് ഉത്തരകൊറിയ കഴിഞ്ഞ വർഷം ജനുവരിയിൽ ചൈനയുമായുള്ള അതിർത്തി അടച്ചിരുന്നു. അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2025ൽ അതിർത്തി തുടക്കുന്നതുവരെ ജനങ്ങൾ ക്ഷാമം നേരിടേണ്ടിവരുമെന്ന് ഉത്തരകൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, 'രാജ്യത്തെ ഭക്ഷണ സാഹചര്യം ഇതിനകം തന്നെ അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും, വരുന്ന ശൈത്യകാലത്ത് തങ്ങള്‍ക്ക് ഇത്തരത്തിൽ നിലനിൽക്കാൻ സാധിക്കില്ലെന്നും' ജനങ്ങൾ പറഞ്ഞതായി മീഡിയ പോര്‍ട്ടലായ ആര്‍എഫ്എ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.