വാഷിങ്ടൺ: റഷ്യൻ എണ്ണയുടെയും വാതകത്തിന്റെയും ഇറക്കുമതി നിരോധിക്കുന്നതിനുമുമ്പ് യൂറോപ്യൻ സഖ്യകക്ഷികളുമായി കൂടിയാലോചിച്ചതായും എന്നാൽ, തങ്ങളുടെ എല്ലാ പങ്കാളികളും നിലവിൽ ഈ തീരുമാനം പിന്തുടരാനാകുന്ന അവസ്ഥയിലല്ലെന്നും അമേരിക്ക. റഷ്യൻ ക്രൂഡ് ഓയിൽ, ചില പെട്രോളിയം ഉൽപന്നങ്ങൾ, ദ്രവീകൃത പ്രകൃതി വാതകം, കൽക്കരി എന്നിവയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതി പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച നിരോധിച്ചതിന് പിന്നാലെയാണ് പ്രതികരണം.
'തീരുമാനമെടുക്കുമ്പോൾ ഞങ്ങൾ യൂറോപ്യൻ സഖ്യകക്ഷികളുമായി ആലോചിച്ചിരുന്നു. എന്നാൽ, ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ശക്തമായ ആഭ്യന്തര ഊർജ ഉൽപാദനവും അടിസ്ഥാന സൗകര്യങ്ങളും കാരണം അമേരിക്കക്ക് ഈ നടപടി സ്വീകരിക്കാൻ കഴിഞ്ഞു. എന്നാൽ, എല്ലാ സഖ്യകക്ഷികളും നിലവിൽ അമേരിക്കക്കൊപ്പം ചേരുന്ന അവസ്ഥയിലല്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നതായും സർക്കാറിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അമേരിക്കയുടെ ഈ തീരുമാനം വഴി പ്രതിവർഷം കോടിക്കണക്കിന് ഡോളർ വരുമാനം റഷ്യക്ക് നഷ്ടപ്പെടാനാണ് സാധ്യത. കഴിഞ്ഞ വർഷം, റഷ്യയിൽനിന്ന് പ്രതിദിനം ഏഴു ലക്ഷം ബാരൽ അസംസ്കൃത എണ്ണയും ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുമാണ് യു.എസ് ഇറക്കുമതി ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.