യു.എസിൽ ആകാശത്ത് വീണ്ടും 'അജ്ഞാത വസ്തു'; മിസൈൽ തൊടുത്ത് വീഴ്ത്തി സൈന്യം

ന്യൂയോർക്: യു.എസ് നഗരമായ അലാസ്കയിൽ 40,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന അജ്ഞാത വസ്തുവിനെ യുദ്ധവിമാനം ഉപയോഗിച്ച് മിസൈൽ തൊടുത്ത് വീഴ്ത്തി. വെള്ളിയാഴ്ചയാണ് സംഭവം. ചൈനീസ് 'ചാരബലൂൺ' വെടിവെച്ചിട്ട് ആറ് ദിവസം പിന്നിടുമ്പോഴാണ് വീണ്ടും സമാന സംഭവം. ഇപ്പോൾ വീഴ്ത്തിയ വസ്തു ബലൂൺ ആണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 

വെടിവെച്ചിട്ട 'അജ്ഞാത വസ്തു'വിനെ കുറിച്ചുള്ള വിശദ വിവരം യു.എസ് പുറത്തുവിട്ടിട്ടില്ല. പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിർദേശത്തെ തുടർന്നാണ് വെടിവെച്ചിട്ടതെന്ന് വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ കിർബി അറിയിച്ചു. കാറിന്‍റെ വലിപ്പമുള്ള വസ്തുവിനെയാണ് ആകാശത്ത് വൻ ഉയരത്തിൽ പറക്കുന്നതായി കണ്ടെത്തിയത്. വ്യോമഗതാഗതത്തിന് ഭീഷണിയാണെന്ന് കണ്ടതിനെ തുടർന്നാണ് വെടിവെച്ചിട്ടത്. ഈ വസ്തു എവിടെ നിന്ന് വന്നുവെന്നോ എന്താണ് ലക്ഷ്യമെന്നോ ഇപ്പോൾ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.


അലാസ്കയുടെ വടക്കൻ തീരത്തോട് ചേർന്ന് 40,000 അടി (ഏകദേശം 12 കി.മീ) ഉയരത്തിലായിരുന്നു അജ്ഞാത വസ്തു പറന്നത്. വ്യാഴാഴ്ച രാത്രിയാണ് ഇതിനെ ആദ്യമായി കണ്ടത്. തുടർന്ന് പ്രസിഡന്‍റിന്‍റെ നിർദേശ പ്രകാരം രണ്ട് എഫ്-22 ഫൈറ്റർ ജെറ്റുകളെ അയക്കുകയായിരുന്നു. അജ്ഞാത വസ്തുവിനകത്ത് ആളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മിസൈൽ ഉപയോഗിച്ച് തകർത്തത്. ബ്യൂഫോർട്ട് കടലിൽ പതിച്ച അവശിഷ്ടങ്ങൾ കണ്ടെത്തി ശേഖരിക്കാൻ ഹെലികോപ്ടറുകളെയും കപ്പലുകളെയും അയച്ചിട്ടുണ്ട്.


കഴിഞ്ഞയാഴ്ച തങ്ങളുടെ ആകാശപരിധിയിൽ കണ്ടെത്തിയ ചൈനീസ് ബലൂൺ യു.എസ് വെടിവെച്ചിട്ടിരുന്നു. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബലൂണിനെ വീഴ്ത്തുകയായിരുന്നു. ചാരബലൂണാണിതെന്നും പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോർത്താനാണ് ചൈന ബലൂൺ അയച്ചതെന്നും യു.എസ് ആരോപിച്ചു. അതേസമയം, ചാരബലൂണല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്ന ബലൂൺ കാറ്റിൽ ദിശതെറ്റി യു.എസ് വ്യോമമേഖലയിൽ എത്തുകയായിരുന്നുവെന്നുമാണ് ചൈനയുടെ വിശദീകരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതൽ വഷളായിരുന്നു.

Tags:    
News Summary - Object Flying 40,000 Feet High Over Alaska Shot Down By US Jets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.