ജറൂസലം: ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരാഹാരസമരം നടത്തിയ ഫലസ്തീൻ തടവുകാരൻ ഇസ്രായേൽ ജയിലിൽ മരിച്ചതിനെത്തുടർന്ന് ഇരുപക്ഷവും ആരംഭിച്ച ഏറ്റുമുട്ടലിനു പിന്നാലെയാണ് വ്യോമാക്രമണം. രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിൽ ഇരുകൂട്ടരും വെടിനിർത്തലിന് സമ്മതിച്ചു.
ചൊവ്വാഴ്ച ഗസ്സയിൽനിന്ന് നൂറോളം റോക്കറ്റുകൾ തെക്കൻ ഇസ്രായേലിലേക്ക് വിക്ഷേപിച്ചിരുന്നു. ഗസ്സ മുനമ്പിൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ടണലും ആയുധനിർമാണ കേന്ദ്രവും സൈനികകേന്ദ്രങ്ങളും ബോംബിട്ടുതകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഹഷീൽ മുബാറക് (58) എന്നയാളാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ ഭാഗങ്ങൾ ദേഹത്തു വീണ് പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
2021ൽ 11 ദിവസം നീണ്ടുനിന്ന യുദ്ധത്തിനുശേഷം നടക്കുന്ന ഏറ്റവും രൂക്ഷമായ സംഘർഷമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ നേതാവ് ഖാദർ അദ്നാൻ ഇസ്രായേൽ ജയിലിൽ മരിച്ചതിനെത്തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.