നേപ്പാളിൽ ​പേമാരിയും മണ്ണിടിച്ചിലും; നൂറു കവിഞ്ഞ് മരണം

കാഠ്മണ്ഡു: നേപ്പാളിലുടനീളം അതിശക്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 102 ആയി. വെള്ളിയാഴ്ച മുതൽ കിഴക്കൻ, മധ്യ നേപ്പാളിലെ വലിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. 40-45 വർഷത്തിനിടെ താഴ്‌വരയിൽ ഇത്രയും വിനാശകരമായ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 64 പേരെ കാണാതായതായും 45 പേർക്ക് പരിക്കേറ്റതായും സായുധ പോലീസ് സേനാ വൃത്തങ്ങൾ അറിയിച്ചു. കാഠ്മണ്ഡു താഴ്‌വരയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 195 വീടുകളും എട്ട് പാലങ്ങളും തകർന്നു. സുരക്ഷാ ഉദ്യോഗസ്ഥർ 3100 പേരെ രക്ഷപ്പെടുത്തി. പ്രധാന നദിയായ ബാഗ്മതി കരകവിഞ്ഞ് അപകടനിലക്ക് മുകളിൽ ഒഴുകുന്നു. മരണസംഖ്യ 102 ആയതായി പൊലീസ് സേന പ്രസ്താവനയിൽ അറിയിച്ചു.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും രാജ്യത്തി​ന്‍റെ പല ഭാഗങ്ങളിലും ജനജീവിതം താറുമാറാക്കി. നിരവധി ഹൈവേകളും റോഡുകളും തടസ്സപ്പെട്ടു, നൂറുകണക്കിന് വീടുകളും പാലങ്ങളും മണ്ണിനടിയിലാവുകയോ ഒലിച്ചുപോവുകയോ ചെയ്തതായാണ് റിപ്പോർട്ട്. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. റോഡുകൾ തകർന്നതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.

കാഠ്മണ്ഡുവിൽ ഇത്ര പ്രളയം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്‍റിലെ ( ICIMOD) കാലാവസ്ഥാ-പരിസ്ഥിതി വിദഗ്ധൻ അരുൺ ഭക്തശ്രേഷ്ഠ പറഞ്ഞു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും മൺസൂൺ ട്രോഫി പതിവിലും കൂടുതൽ വടക്കുമാറി സ്ഥിതി ചെയ്യുന്നതുമാണ് ശനിയാഴ്ചത്തെ അതിശക്തമായ മഴക്ക് കാരണമായതെന്ന് ICIMOD റിപ്പോർട്ടിൽ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം ഏഷ്യയിലുടനീളമുള്ള മഴയുടെ അളവും സമയവും മാറ്റുന്നുണ്ടെങ്കിലും വെള്ളപ്പൊക്കത്തി​ന്‍റെ ആഘാതം വർധിക്കുന്നതിനുള്ള  പ്രധാന കാരണം ആസൂത്രിതമല്ലാത്ത നിർമാണം ഉൾപ്പെടെ സൃഷ്ടിച്ചെടുത്ത കാരണങ്ങളാണ്. പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഒഴുക്കിവിടുന്നതിനുള്ള ഡ്രെയിനേജ് സംവിധാനങ്ങൾക്ക് വേണ്ടത്ര ഇല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags:    
News Summary - Over 100 people killed in floods and landslides in Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.