പ്രതീകാത്മക ചിത്രം

താടിവടിക്കാൻ തയ്യാറാകാത്തിന് പിരിച്ചുവിട്ട സെക്യൂരിറ്റി ഗാർഡുമാരെ തിരിച്ചെടുക്കും; നടപടി പ്രതിഷേധങ്ങളെത്തുടർന്ന്

കാനഡ: 'ക്ലീൻ ഷേവ് പോളിസി' അനുസരിക്കാത്തതിന് പിരിച്ചുവിട്ട സിഖ് സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുക്കാൻ നിർദേശം. ടൊറന്റോ നഗരത്തിലെ സെക്യൂരിറ്റി ഗാർഡുകളായി ജോലി ചെയ്തിരുന്ന നൂറിലധികം സിഖുകാർക്കാണ് പുതിയ പോളിസി കാരണം ജോലി നഷ്ടപ്പെട്ടത്. താടിയില്ലാത്തതിനാൽ പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാൻ നിർദേശം നൽകിയതായി നഗരസഭ അധികൃതർ അറിയിച്ചതായി 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

ടൊറന്റോയിൽ ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായാണ് 'ക്ലീൻ-ഷേവ് പോളിസി' നടപ്പാക്കിയത്. പൊതുവിടങ്ങളിലെ വിവിധ ജോലികൾ ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ മാസ്കുകൾ ശരിയായി വയ്ക്കുന്നതിനെന്ന പേരിലാണ് ക്ലീൻഷേവ് പോളിസി നടപ്പാക്കിയത്. ഇതോടെയാണ് സിഖുകാർക്ക് ജോലി നഷ്ടമായത്. തുടർന്ന് കാനഡയിലെ വേൾഡ് സിഖ് ഓർഗനൈസേഷൻ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.

തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായാണ് സിഖുകാർ മുടി വെട്ടാതെ പരിപാലിക്കുന്നതെന്നും ഇവരെ പിരിച്ചുവിടുന്നത് അന്യായമാണെന്നുമാണ് സംഘടന വാദിച്ചത്. കോവിഡ് രൂക്ഷമായ 2020-21 കാലയളവിന് ശേഷമാണ് നിയമം പ്രഖ്യാപിച്ചതെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന സമയത്തായിരുന്നു ഇതെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു. സിറ്റി സൈറ്റുകളിലെ മറ്റ് ജീവനക്കാർക്കും തൊഴിലാളികൾക്കും ക്ലീൻ ഷേവ് പോളിസി നടപ്പിലാക്കുന്നില്ലെന്നും സംഘടന പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.

പുതിയ നിയമം ബാധകമല്ലാത്ത സൈറ്റുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്‌ഷൻ ചില സിഖ് സെക്യൂരിറ്റി അംഗങ്ങൾക്ക് നൽകിയിട്ടുണ്ടെങ്കിലും, അത്തരക്കാരെ പലപ്പോഴും തരംതാഴ്ത്തുന്നതായും ശമ്പളം കുറക്കുന്നതായും ശ്രദ്ധയിൽപ്പെട്ടെന്നും സംഘടന വാർത്താക്കുറിപ്പിൽ പറയുന്നു. 'പല സന്ദർഭങ്ങളിലും, സൂപ്പർവൈസർമാരായോ മാനേജർമാരായോ നിയമിക്കപ്പെട്ട വ്യക്തികളെ സെക്യൂരിറ്റി ഗാർഡുകളായി തരംതാഴ്ത്തിയിട്ടുണ്ട്'

ടൊറന്റോ സിറ്റിയിലെ സുരക്ഷാ കരാറുകാരായ ഗാർഡ വേൾഡ്, സ്റ്റാർ സെക്യൂരിറ്റി, എഎസ്പി സെക്യൂരിറ്റി എന്നിവയിൽ ജോലി ചെയ്യുന്ന നൂറിലധികം സിഖ് ഗാർഡുകളെ നിയമം ബാധിച്ചിട്ടുണ്ടെന്നും ഈ പ്രശ്നത്തിന് വേഗത്തിൽ പരിഹാരം കാണാൻ സിറ്റി കൗൺസിൽ അംഗങ്ങളോട് ആവശ്യപ്പെട്ടതായും സംഘടന അറിയിച്ചു.

തുടർന്നാണ് ടൊറന്റോ നഗരസഭ അധികൃതർ പ്രശ്നത്തിൽ ഇടപെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ കരാറുകാർക്ക് നിർദേശം നൽകിയതായി നഗരസഭാ കൗൺസിൽ അറിയിച്ചു. 'മതപരമായ ഇളവുകൾ ആവശ്യപ്പെടുന്ന ജീവനക്കാർക്ക് അത് നൽകാനും ഏതെങ്കിലും ജീവനക്കാരനെ പിരിച്ചുവിട്ടെങ്കിൽ ഉടൻ തിരിച്ചെടുക്കാനും കരാറുകാരോട് നിർദ്ദേശിച്ചു.


Tags:    
News Summary - Over 100 Sikh security guards lose job over clean shave requirement in Canada’s Toronto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.