ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രാസെനേകയും ചേർന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍റെ പരീക്ഷണം യു.കെയിൽ പുന:രാരംഭിച്ചു. പരീക്ഷണത്തിന് വിധേയനായ ഒരാളിൽ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിയിരുന്നു. ബ്രിട്ടീഷ് അധികൃതരിൽ നിന്നും അനുമതി ലഭിച്ചതോടെയാണ് വാക്സിൻ പരീക്ഷണം പുന:രാരംഭിച്ചതെന്ന് ആസ്ട്രസെനേക അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിയെന്ന് ആസ്ട്രസെനേക പ്രഖ്യാപിച്ചത്. അജ്ഞാത രോഗലക്ഷണങ്ങൾ പരീക്ഷണത്തിന് വിധേയനായ ഒരാൾ പ്രകടിപ്പിച്ചതോടെയായിരുന്നു ഇത്. തുടർന്ന്, തുടർപരീക്ഷണവും സുരക്ഷയും സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വാക്സിൻ പരീക്ഷണവുമായി മുന്നോട്ടുപോകാമെന്ന് സമിതി റിപ്പോർട്ട് നൽകുകയായിരുന്നു.
വലിയതോതിലുള്ള വാക്സിൻ പരീക്ഷണം നടക്കുമ്പോൾ ഇത്തരം രോഗലക്ഷണങ്ങൾ ചിലർ കാണിക്കുക സ്വാഭാവികമാണെന്ന് നിർമാതാക്കൾ പറഞ്ഞിരുന്നു.
ലോകത്ത് നിലവിൽ പരീക്ഷണത്തിന്‍റെ മൂന്നാംഘട്ടത്തിലുള്ള ഒമ്പത് വാക്സിനുകളിൽ ഒന്നാണ് ഓക്സ്ഫഡ്-ആസ്ട്രസെനേക വാക്സിൻ. 18,000ത്തോളം പേരിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നത്. ഇന്ത്യയിൽ പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് ഓക്സ്ഫഡ് വാക്സിന്‍റെ പരീക്ഷണ ചുമതല. യു.കെയിൽ പരീക്ഷണം നിർത്തിയതോടെ ഇന്ത്യയിലും പരീക്ഷണം നിർത്താൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.